പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് ഉദ്ഘാടനം ചെയ്തു.

എരുമേലി : പുഞ്ചവയലിൽ നിന്ന് നിന്ന് ആരംഭിച്ച് പാക്കാനം മഞ്ഞളരുവി വഴി എരുമേലിയിൽ എത്തിച്ചേരുന്ന പിഡബ്ല്യുഡി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.പാക്കാനത്ത്ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷിനിമോൾ സുധൻ സ്വാഗതം ആശംസിച്ചു. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാഗിണി.എൽ റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജൂബി അഷറഫ്, പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ദിലീഷ് ദിവാകരൻ , തങ്കമ്മ ജോർജുകുട്ടി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരും പൊതുപ്രവർത്തകരുമായ കെ.
എൻ കരുണാകരൻ, ടി.ഡി ഗംഗാധരൻ, മോഹനൻ പി.കെ, സി.പി രാജൻ, ബിജു കുമാർ , രാജപ്പൻ പി. കെ, ടി ജി രാജു, സിബി നന്തിയാട്ട്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്റർ ദൂരം കുണ്ടും കുഴിയുമായി ഏറെ ദുർഘടാവസ്ഥയിൽ ആയിരുന്നതുമൂലം ഓഫ് റോഡ് വാഹനങ്ങൾ ഒഴികെയുള്ള വാഹനഗതാഗതം ഈ റോഡിലൂടെ സാധ്യമായിരുന്നില്ല. കഴിഞ്ഞ 25 വർഷക്കാലമായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നിട്ടും, വനം വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞിരുന്നില്ല. അതേ തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി തടസ്സങ്ങൾ പരിഹരിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയെടുത്തത്. തുടർന്ന് 50 ലക്ഷം രൂപ അനുവദിച്ച് ഇപ്പോൾ ഒരു കിലോമീറ്റർ ദൂരം റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. റോഡ് ഗതാഗതയോഗ്യമായതോടെ മുണ്ടക്കയം, കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിൽ പെട്ട പുഞ്ചവയൽ,
മുരിക്കും വയൽ ,504, കുഴിമാവ്, പാക്കാനം, കാരിശ്ശേരി, ഇഞ്ചക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ഏകദേശം ആറ് കിലോമീറ്റർ ലാഭത്തിൽ എരുമേലിയിലേയ്ക്കും, തുടർന്ന് റാന്നി, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങി തെക്കൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് കഴിയും. കൂടാതെ തമിഴ്നാട്ടിൽ നിന്നും, ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്കും, കാനനപാതയിലൂടെ ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്കും ഈ റോഡ് ഏറെ പ്രയോജനപ്രദവുമാണ്. തീർത്ഥാടനകാലം ആരംഭിക്കുന്നതിനു മുൻപായി റോഡ് തുറന്നുകൊടുത്തത് വലിയ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് സഹായകരമാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!