തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 58,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 7275 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5995 രൂപയാണ്. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ വ്യാഴാഴ്ച വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒറ്റ ദിവസത്തിൽ പവന് 1320 രൂപയാണ് കുറഞ്ഞത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ 1000 രൂപയിലധികം ഒറ്റ ദിവസം കൊണ്ട് ഇടിയുന്നത് ഏറെ നാളുകൾക്ക് ശേഷമായിരുന്നു. ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതുമാണ് വില ഇടിയാൻ കാരണം. എന്നാൽ യുഎസ് ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ ഇന്നലെ വീണ്ടും പവന് 680 രൂപ കൂടി.