എരുമേലി: മണ്ഡല-മകരവിളക്ക് കാലത്ത് എരുമേലിയിലെ ശൗചാലയ മാലിന്യസംസ്കരണത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ എരുമേലി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് ഇതിന് ക്രമീകരണങ്ങൾ നടത്തുകയെന്നും നിലവിൽ കുമരകം, മഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഈ സംവിധാനമുണ്ടെന്നും ജോയിന്റ് ഡയറക്ടർ ബിനു ജോൺ പറഞ്ഞു. ഇതിൽ കുമരകത്ത് ഉപയോഗിക്കുന്ന യൂണിറ്റ് ഏറ്റുമാനൂരിൽ ഉപയോഗിക്കാനും മഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലുള്ള യൂണിറ്റ് എരുമേലിയിൽ എത്തിക്കാനുമാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നു യൂണിറ്റുകളെങ്കിലും എരുമേലിയിൽ വേണമെന്നതാണ് നിലവിലെ സാഹചര്യം. ഒരു തവണ ഒരു യൂണിറ്റിന് 6000 ലിറ്റർ മാലിന്യം സംസ്കരിക്കാനാവും. എരുമേലിയിൽ ഇത് 24 മണിക്കൂറും പ്രവർത്തിപ്പിക്കേണ്ടതായി വരും. സഞ്ചരിക്കുന്ന ശൗചാലയ മാലിന്യ സംസ്കരണ യൂണിറ്റ് പഞ്ചായത്തിന് സ്വന്തമായി ഏർപ്പെടുത്തണോ കരാർ നൽകണോ എന്നത് പഞ്ചായത്ത് തീരുമാനിക്കണമെന്ന് അദേഹം നിർദേശിച്ചു.
യോഗത്തിൽ ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ഇ.ജെ. ബിനോയ്, പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ശൗചാലയ മാലിന്യ സംസ്കരണരീതി സംബന്ധിച്ച് ഏജൻസി പ്രതിനിധി യോഗത്തിൽ വിശദീകരിച്ചു.