തിരുവനന്തപുരം : കേരളം പോളിയോമുക്തമായിട്ട് 24 വർഷം. സംസ്ഥാനത്ത് 2000ന് ശേഷം ഇതുവരെ പുതിയ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ 2011ന് ശേഷവും പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഈ വർഷം ലോകത്ത് പുതുതായി 50 പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗസാധ്യത ഒഴിവാക്കുന്നതിനായി പോളിയോ വാക്‌സിൻ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. പോളിയോ ബാധിച്ചാൽ ശരീരം തളരാനും ചിലപ്പോൾ മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്നതാണ് പോളിയോമെയിലൈറ്റിസ്. എങ്കിലും വാക്സിൻ എടുക്കാത്ത ഏത് പ്രായത്തിലുമുള്ള ആർക്കും രോഗം വരാം. 200 അണുബാധകളിൽ ഒന്ന് പക്ഷാഘാതത്തിലേക്കും നയിക്കും. കൃത്യമായ സമയത്ത് വാക്സിൻ സ്വീകരിക്കുന്നത് മാത്രമാണ് പ്രതിവിധി.