മണിമല:പ്രധാനമന്ത്രി ഗ്രാമസടക് യോജന(പി എം ജി എസ് വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൂർ കടവ് പാലത്തിന്റെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആന്റോ ആന്റണി എം. പി അറിയിച്ചു.
മണിമലയാറിന് കുറുകെ വെള്ളാവൂർ – കോട്ടാങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തൂർ കടവ് പാലം 104 മീറ്റർ നീളത്തിലും 8.41 മീറ്റർ വീതിയിലുമാണ് നിർമ്മിക്കുന്നത്.
പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 12.84 കോടി രൂപ അനുവദിച്ച് പ്ലാക്കൽ പടി – വെള്ളാവൂർ – പുത്തൂർക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
6.6 കിലോ മീറ്ററാണ് ഈ പദ്ധതിയിലൂടെ യഥാർഥ്യമാക്കുന്നത്. ഈ പദ്ധതി പൂർത്തീകരിച്ച് അഞ്ചുവർഷക്കാ ലയളവിനുള്ളിൽ റോഡിന് വരുന്ന എല്ലാ അറ്റകുറ്റപ്പണികളും പദ്ധതി ഏറ്റെടുത്ത കരാറുകാരൻ തന്നെ ചെയ്തുതീർക്കണം എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
ഈ റോഡിന്റെ ഭരണാനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചപ്പോൾ തന്നെ പാലത്തിന്റെ എസ്റ്റിമേറ്റും സമർപ്പിച്ചിരുന്നതാണ്. എന്നാൽ ഇപ്പോഴാണ് പാലം നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചത്. ഉടൻ തന്നെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.