അതിജീവന ചരിത്രം രചിച്ച് അനേകർക്ക് തണലേകുന്നവരാണ് ദമ്പതികൾ – മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : അത്യുന്നതൻ്റെ തണലിൽ കഴിയുന്ന വരും, അനേകർക്ക് തണലേകുന്നവരുമാണ് യഥാർത്ഥ ദമ്പതികളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട  വിവാഹ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം, *തണൽ  2k24*  പൊടിമറ്റം സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കുകയായിരുന്നു.   ഇസ്രായേൽ ജനം മരുഭൂമിയിൽ മേഘത്തിന്റെയും അഗ്നിയുടെയും, തണലിൽ ജീവിച്ചതുപോലെ  കഴിഞ്ഞ 50 വർഷം സന്തോഷത്തിലും ദുഃഖത്തിലും ദൈവം തന്ന ജീവിതത്തിലൂടെ  അതിജീവനത്തിന്റെ  ചരിത്രം രചിച്ചവരാണെന്നും ഈ അതിജീവനത്തിന്റെ ചരിത്രം തലമുറ തലമുറകൾക്ക് പകർന്നു നൽകണമെന്നും മാർ ജോസ് പുളിക്കൽ അനുസ്മരിപ്പിച്ചു. രൂപത വികാരി ജനറാൾ റവ. ഡോ. ജോസഫ് വെള്ളമറ്റത്തിൻ്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട പരിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ പ്രതിനിധികളായി ഇളംങ്ങുളം ഇടവകയിൽ നിന്നുള്ള പുതുപ്പള്ളിയിൽ അബ്രാഹം സുശീല ദമ്പതികൾ അനുഭവം പങ്കുവെച്ചു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ മക്കളുടെ പ്രതിനിധിയായി റവ.  ഫാ. കുര്യാക്കോസ് വടക്കേടത്ത്  ആശംസകൾ നേർന്നു. പൊൻകുന്നം മാതൃവേദി അംഗങ്ങൾ പ്രാർത്ഥനാഗാനമാലപിച്ചു. ഫാമിലി അപ്പോസ്റ്റലേറ്റിന്റെ പുതിയ വെബ്സൈറ് പ്രകാശന കർമ്മം  മാർ ജോസ് പുളിക്കൽ പിതാവ് നിർവഹിച്ചു.  അമൽ ജ്യോതി റേഡിയോ 90 അവതരിപ്പിച്ച *തണൽ വിസ്മയം* കാണികൾക്ക് കൗതുകമേകി. ഏവർക്കും സ്നേഹോപകാരം നൽകി സ്നേഹവിരുന്നോട് കൂടി മീറ്റിംഗ് അവസാനിച്ചു. 13 ഫൊറോനകളിൽ നിന്നുമായി 250 പേർ  സമ്മേളനത്തിൽ സംബന്ധിച്ചു.

  ഫാമിലി അപ്പസ്തോലേറ്റ് രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ , രൂപത മാതൃവേദി പ്രസിഡണ്ട് മേരിക്കുട്ടി പൊടിമറ്റം ,  ആനിമേറ്റർ സി. ജ്യോതി മരിയ CSN, റീജന്റെ ബ്രദർ എബ്രഹാം ചക്കാലയ്ക്കൽ, മാതൃവേദി എക്സിക്യൂട്ടീവ്സ്, വിവിധ ഇടവകകളിൽ നിന്നുള്ള മാതൃവേദി അംഗങ്ങൾ  എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
ഫോട്ടോ : കാഞ്ഞിരപ്പള്ളി രൂപത  മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വിവാഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമത്തിൻ്റെ ഉദ്ഘാടനം  മാർ ജോസ് പുളിക്കൽ നിർവഹിക്കുന്നു.

error: Content is protected !!