ഉപയോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ മാസംതോറും നല്‍കാന്‍ ആലോചിച്ച് കെഎസ്ഇബി

തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് മാസംതോറും വൈദ്യുതിബില്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം അനുസരിച്ചാണിത്. ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ സ്വയംനടത്തുന്ന മീറ്റര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ (സെല്‍ഫ് മീറ്റര്‍ റീഡിങ്) മാസംതോറും ബില്‍ നല്‍കുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്.

ദ്വൈമാസ ബില്ലിങ്ങിനെതിരേ വ്യാപകപ്രചാരണവും നടക്കുന്നുണ്ട്. വൈദ്യുതിനിരക്ക് കൂട്ടുന്നതിനെപ്പറ്റി അടുത്തിടെ കെ.എസ്.ഇ.ബി. നടത്തിയ തെളിവെടുപ്പുകളില്‍ മാസംതോറും ബില്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ബില്‍ രണ്ടുമാസത്തിലൊരിക്കല്‍ നല്‍കുന്നതുകൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മിഷന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, തെളിവെടുപ്പുകളില്‍ പങ്കെടുത്ത ഭൂരിഭാഗവും ഈ വിശദീകരണത്തില്‍ തൃപ്തരല്ല.ഇപ്പോള്‍ രണ്ടുമാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡര്‍ വീടുകളിലെത്തിയാണ് വൈദ്യുതിബില്‍ നല്‍കുന്നത്. രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിര്‍ണയിക്കുന്നത്. ഇങ്ങനെ രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ നല്‍കുന്നതിനാല്‍ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുന്നെന്നുമാണ് ഒരുവിഭാഗം ഉപയോക്താക്കളുടെ പരാതി.

error: Content is protected !!