മുണ്ടക്കയം /etpta : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും,കാർഷിക രംഗത്ത് വൈവിധ്യവൽക്കരണവുംസമ്മിശ്ര കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച് ‘ഫലസമൃദ്ധി’ എന്ന പേരിൽ ഒരു കാർഷിക വികസന പദ്ധതി ആവിഷ്കരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഒരേക്കറിൽ കുറയാതെ ജലസേചന സൗകര്യമുള്ള ഫലവൃക്ഷ കൃഷിക്ക് ഉപയുക്തമായ കൃഷിഭൂമി ലഭ്യമായിട്ടുള്ള വരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. റമ്പൂട്ടാൻ, മങ്കോസ്റ്റീൻ, അവോക്കാഡോ , പ്ലാവ്, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പ്രധാനമായും പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നതിന് ഉദ്ദേശിക്കുക. സംസ്ഥാനത്തെ തന്നെ മികച്ച കാർഷിക നഴ്സറികളിൽ ഒന്നായ ആയ ഹോം ഗ്രോണുമായി ചേർന്ന് സബ്സിഡി നിരക്കിൽ നടീൽ വസ്തുക്കൾ വിതരണം ചെയ്യും. കൂടാതെ കൃഷിക്ക് ആവശ്യമായ എല്ലാ വിദഗ്ധോപദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുകയും, പരിപാലന പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കി നൽകുയും ചെയ്യും. സംസ്ഥാന കൃഷി വകുപ്പിൽ നിന്നും മാനദണ്ഡങ്ങൾക്ക് വിധേയമായി ധനസഹായവും ലഭ്യമാക്കും.
ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് ലീഡ് ബാങ്ക് സംവിധാനവുമായി ബന്ധപ്പെട്ട് കാർഷിക വായ്പ നിരക്കിൽ ഉള്ള വായ്പകളും അനുവദിപ്പിക്കുന്നതിന് പദ്ധതിയുടെ ഭാഗമായി സഹായം നൽകും. പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ആയി സംസ്ഥാന കൃഷി വകുപ്പിൽ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച ജോർജ് ജോസഫ് വടക്കേ ചിറയാത്ത്നെയും(mob:94471 39679), ജനറൽ കൺവീനറായി ആന്റണി അറയ്ക്കപ്പറമ്പിലിനെയും(mob:+91 97446 23348) നിയോഗിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
കാർഷിക രംഗത്ത് ഭക്ഷ്യോപാധികളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ളതും, ഫലസമൃദ്ധി പദ്ധതി ആവിഷ്കരിക്കുന്നതിന് പ്രേരകമായെന്ന് എംഎൽഎ പറഞ്ഞു. നാടിന്റെ അടിസ്ഥാന മേഖലയായ കൃഷിയിലേക്ക് യുവജനങ്ങളെ ആകർഷിക്കേണ്ടതും, കൃഷി ആദായകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാഹചര്യം ഒരുക്കേണ്ടതും നാടിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അതേപോലെതന്നെ പഴവർഗങ്ങളും, ഫലങ്ങളും അന്താരാഷ്ട്രതലത്തിൽ തന്നെ വിപുലമായ വിപണി ഉള്ളതും മൂല്യവർധനയ്ക്ക് വളരെയേറെ സാധ്യതകൾ ഉള്ളതുമാണ് എന്നുള്ളത് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കഴിയുമെന്ന് ഉറപ്പുവരുത്തുന്നതാണ്. കഴിയുന്ന എല്ലാ യുവകർഷകരും ഈ പദ്ധതിയുടെ ഭാഗമാകാൻ മുന്നോട്ടുവരണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.