സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ സ്വയാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള പോലീസ് വിജ്ഞാപനം പുറപ്പെടുവിച്ചു.
വിശദവിവരങ്ങളും നിശ്ചിത അപേക്ഷാഫോമും കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.keralapolice.gov.in) ലഭ്യമാണ്. 2026 ജുലൈ മാസം 10-ാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി പൂരിപ്പിച്ച അപേക്ഷ spcprogramme.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം.
സ്വയാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിപ്രകാരം ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക്, സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യം ഒഴികെ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെയോ മറ്റേതെങ്കിലും സര്‍ക്കാര്‍ പദ്ധതിയിലൂടെയോ സാമ്പത്തിക സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഇത്തരം യൂണിറ്റുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ധനസഹായം, റീഇംബേഴ്സസ്മെന്റ്, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവ നിലവിലോ ഭാവിയിലോ ആവശ്യപ്പെടുന്നതിനുള്ള അവകാശമോ അര്‍ഹതയോ സ്വയാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിപ്രകാരം ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കുന്നതുമല്ല.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി(SPC) ആരംഭിക്കുന്നതിനായി മുന്‍കാലങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സ്കൂളുകള്‍, സ്വയാശ്രിത സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പ്രകാരം യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പരിഗണന ലഭിക്കുന്നതിനായി നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ വീണ്ടും സമര്‍പ്പിക്കേണ്ടതാണ്.
അന്താരാഷ്ട ശ്രദ്ധ നേടിയ കേരളാ പോലീസിന്റെ അഭിമാന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. നിയമബോധവും പൗരബോധവുമുളള, ദുര്‍ബലവിഭാഗങ്ങളോട് സഹാനുഭൂതി പുലര്‍ത്തുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെ ഹൈസ്കൂള്‍ തലത്തില്‍ പോലീസ് നടപ്പിലാക്കിയ സംരംഭമാണിത്.നിലവില്‍ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടര്‍ന്നു പോകുന്നതാണ്. ഇതിനു പുറമെയാണ് പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്വായാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2432655, 9497980083, 7012844948 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
