തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പുനൽകുന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്ന
പദ്ധതിയായ പ്രിയദർശിനിയുടെ ഉദ്ഘാടന വേദിയിൽ ചരിത്രനിമിഷം. പദ്ധതിയുടെ
സംസ്ഥാനതല ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിക്കുന്ന ബസിന്റെ
ഡ്രൈവിങ് സീറ്റിൽ പെരുമ്പാവൂർ ഡിപ്പോയിലെ വി.പി. ഷീല എന്ന പെൺകരുത്ത്
സാരഥിയാകും.പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും
പുതിയ മുഖം നൽകുന്ന പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഡ്രൈവറായി
നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ
ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയിൽ സർക്കാർ എന്നെ
മറക്കാതെ ഈ ദൗത്യം ഏൽപ്പിച്ചതിൽ അഭിമാനമുണ്ടെന്നാണ് ഷീല മാധ്യമങ്ങളോട്
പറഞ്ഞത്. കെ.എസ്.ആർ.ടി.സിയിൽ
പി.എസ്.സി വഴി നിയമനം ലഭിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഡ്രൈവറാണ് കോട്ടപ്പടി
വെട്ടിക്കാമറ്റം വീട്ടിൽ വി.പി. ഷീല (53). പുരുഷാന്മാർ മാത്രമുള്ള
മേഖലയിലേക്ക് 13 വർഷം മുൻപാണ് ഷീല കടന്നുവരുന്നത്. തന്റേതായ കഠിനാധ്വാനം
കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ സ്വന്തം പേര് ചേർത്തുവെച്ച
ഷീലയ്ക്ക് വലിയ വാഹനങ്ങൾ ഓടിക്കുന്നത് പുത്തരിയല്ല
13 വർഷത്തെ സർവീസിനിടയിൽ വിവിധ ഡിപ്പോകളുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകൾ മുതൽ വേഗതയേറിയ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ
വരെ ഷീല വിജയകരമായി റോഡിലിറക്കിയിട്ടുണ്ട്. സ്ത്രീകളുടെ സൗജന്യ
യാത്രയ്ക്കുള്ള ആദ്യ വണ്ടിക്ക് ഒരു വനിതാ ഡ്രൈവർ തന്നെ സ്റ്റിയറിങ്
തിരിക്കുന്നു എന്നത് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനത്തിന് ഇതോടെ ഇരട്ടി
മധുരമേകുകയാണ്.കോതമംഗലം കോട്ടപ്പടി സ്വദേശിയായ വി.പി. ഷീല പത്താം
ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതോടെ പഠനം മുടങ്ങി. ഡ്രൈവർമാരായ
സഹോദരങ്ങളുടെ വാഹനങ്ങൾ കഴുകിക്കൊണ്ടാണ് വണ്ടികളോട് പ്രണയം തുടങ്ങിയത്.
ഇരുപതാം വയസ്സിൽ ഓട്ടോറിക്ഷ ഓടിക്കുന്നതാണ് ആദ്യ അനുഭവം. ഇരുപത്തിയഞ്ചാം
വയസ്സിൽ അംബാസഡർ കാറിലും പിന്നീട് ബൈക്കിലും കൈവെച്ചു. തുടർന്ന് ഡ്രൈവിങ്
സ്കൂൾ ഇൻസ്ട്രക്ടറായി ജോലി നോക്കവേ, 2003-ൽ ഹെവി ലൈസൻസ് സ്വന്തമാക്കിയാണ്
പൊതുഗതാഗത രംഗത്തെ ചരിത്രനേട്ടത്തിലേക്ക് ഷീല ചുവടുവെച്ചത്.
