തിരുവനന്തപുരം: 16-ാം കേരള നിയസഭയിലെ പ്രതിപക്ഷ നിരയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമിതിയിലാണ് തീരുമാനം. നിയമസഭാ കക്ഷി നേതാവായി സിപിഐ എം സംസ്ഥാന കമ്മിറ്റി പിണറായി വിജയനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായി സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാർടി ജനറൽ സെക്രട്ടറി എം എ ബേബി, എ വിജയരാഘവൻ, പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. കെ രാധാകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ധര്‍മടത്ത്
നിന്നുള്ള നിയമസഭാംഗമാണ്. കഴിഞ്ഞ രണ്ടുതവണ കേരളത്തിന്‍റെ മുഖ്യമന്ത്രി
ആയിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി മുന്നണി ഭരണമാറ്റങ്ങളുടെ
പരമ്പര അവസാനിപ്പിച്ച്, തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായി സംസ്ഥാന
ഭരണത്തിന് നേതൃത്വം നൽകി.2022-ൽ സി അച്യുതമേനോന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന നേതാവ് എന്ന പദവിയും അദ്ദേഹം സ്വന്തമാക്കി.1945 മേയ് 24-ന് കണ്ണൂർ ജില്ലയിലെ പിണറായിയിലാണ് അദ്ദേഹം ജനിച്ചത്. മരോളി കോരന്റെയും ആലക്കീൽ കല്യാണിയുടെയും മകനാണ്. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നിന്ന് ബിഎ ഇക്കണോമിക്സ് ബിരുദം നേടി. വിരമിച്ച അധ്യാപിക കമല വിജയനാണ് ഭാര്യ. വീണ വിജയൻ, വിവേക് കിരൺ വിജയൻ എന്നിവർ മക്കളാണ്.
