പെൺകുട്ടികൾക്കുള്ള കാൻസർ പ്രതിരോധ വാക്സിൻ ജില്ലയിൽ മെയ് 31 വരെ ലഭിക്കും

ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ  നൽകുന്ന എച്ച് പി വി വാക്സിൻ മെയ് 31 വരെ ലഭ്യമാകും. പൊതു വിപണിയിൽ 4000 രൂപവരെ വിലവരുന്ന വാക്സിനാണ് തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖലയിലും സുരക്ഷിതമായി നൽകിവരുന്ന വാക്സിൻ ഫെബ്രുവരി 28 മുതൽ സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

ജില്ലയിൽ ഇതുവരെ 6363 പെൺകുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ 76417 പെൺകുട്ടികൾക്കും വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. 

ഇന്ത്യയിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള കാൻസർ. ഗർഭാശയഗള കാൻസർ കൂടാതെ ഹ്യൂമൻ പാപ്പിലോമ വൈറസ് വകഭേദങ്ങൾ ഉണ്ടാക്കുന്ന തൊണ്ടയിലെ ചിലതരം കാൻസറുകൾ, മലദ്വാര കാൻസർ  തുടങ്ങിയവയെയും പ്രതിരോധിക്കാൻ ഈ വാക്സിന് കഴിയും. ഒറ്റ കുത്തിവെപ്പിലൂടെ പെൺകുട്ടികളെ സുരക്ഷിതരാക്കാനുള്ള അവസരമാണിത്. 

14 വയസ്സ് പൂർത്തിയായവർ മുതൽ 15 വയസ്സും മൂന്നുമാസവുമായവരും വരെയുള്ള (14-15.3) കുട്ടികൾക്ക് വാക്സിൻ എടുക്കാവുന്നതാണ്. വാക്സിൻ ലഭ്യമാകുന്ന തീയതിയും സമയവും അടുത്തുള്ള ആരോഗ്യപ്രവർത്തകരിൽ നിന്നും മുൻകൂർ മനസ്സിലാക്കുക. ആധാർ കാർഡ് പോലെയുള്ള ആധികാരിക രേഖകൾ വയസ്സ് തെളിയിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!