കോട്ടയം: ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് ഇന്ന്
(മാർച്ച് 30 തിങ്കൾ) തുടങ്ങും. ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി മുതിർന്ന
പൗരൻമാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും
ഉൾപ്പെടെ 16,562 പേരാണ് ഈ വിഭാഗത്തിൽ വോട്ടു ചെയ്യാൻ അപേക്ഷ
നൽകിയിരിക്കുന്നത്. ഏപ്രിൽ മൂന്നുവരെയാണ് ഇങ്ങനെ വോട്ടുചെയ്യാൻ അവസരം. എല്ലാ
മണ്ഡലങ്ങളിലുമായി 85 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നീ
വിഭാഗങ്ങളിൽ ആകെ 31530 പേർ വീട്ടിൽ വോട്ടിന് അർഹരാണെന്ന്
കണ്ടെത്തിയിരുന്നു. മുതിർന്ന പൗരന്മാർ 17889, പേരും ഭിന്നശേഷിക്കാർ 13669
പേരുമാണുള്ളത്. ഇതിൽ അപേക്ഷ നൽകിയവരുടെ വീട്ടിലാണ് പോളിംഗ് സംഘം
തിങ്കളാഴ്ച്ച മുതൽ എത്തുക. മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ,
പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പോലീസ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന
200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിംഗിനായി ജില്ലയിൽ
സജ്ജീകരിച്ചരിക്കുന്നത്. ഇവർക്കായി വാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതത്
റിട്ടേണിംഗ് ഓഫീസർമാർ പോളിംഗ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നൽകും. ഇവർ
ബി.എൽ.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിർത്തി
വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കും. വോട്ടു രേഖപ്പെടുത്തി ശേഷം
പോളിംഗ് സംഘത്തിൻറെ പക്കലുള്ള പെട്ടിയിൽ നിക്ഷേപിക്കുന്ന ബാലറ്റ്
അന്നുതന്നെ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു
മാറ്റും. ഹോം വോട്ടിംഗിന് അപേക്ഷ സമർപ്പിച്ചവർ ഈ തീയതികളിൽ
വീടുകളിൽ ഉണ്ടായിരിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ
തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വീട്ടിൽ വോട്ട്; മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണംപാലാ -2276കടുത്തുരുത്തി -2376വൈക്കം -1224ഏറ്റുമാനൂർ -1879കോട്ടയം -1564പുതുപ്പള്ളി-1965ചങ്ങനാശ്ശേരി-1474 കാഞ്ഞിരപ്പള്ളി-2010പൂഞ്ഞാർ -1794
