പൂഞ്ഞാറിൽ ചിത്രം തെളിഞ്ഞു ;സെബാസ്റ്റ്യൻ  കുളത്തുങ്കൽ ,സജി ജോസഫ് ,പി സി ജോർജ് എന്നിവർ ഏറ്റുമുട്ടും 

സോജൻ ജേക്കബ് 

എരുമേലി :പൂഞ്ഞാറിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരളാ കോൺഗ്രസ് എം ) രണ്ടില ചിഹ്നത്തിലും യൂ  ഡി എഫിലെ അഡ്വ സജി ജോസഫ് (കോൺഗ്രസ് ) കൈപ്പത്തി ചിഹ്നത്തിലും ബി ജെ പി യിലെ പി സി ജോർജ് താമര അടയാളത്തിലുമാണ് ജനവിധി തേടുന്നത് .2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ 16817 വോട്ടുകൾ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത് .അന്ന് കേരള ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിച്ച പി സി ജോർജാണ് രണ്ടാം സ്ഥാനത്ത് വന്നത് .മൂന്നാം സ്ഥാനത്തായ യൂ  ഡി എഫിലെ അഡ്വ ടോമി കല്ലാനിയും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലുമായുള്ള വോട്ട് അന്തരം 24035 ആയിരുന്നു .2021 ലെ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിയിലായിരുന്ന ബി ജെ ഡി എസ് സ്ഥാനാർഥി ബി ജെ ഡി എസിലെ എം പി സെന്നിന് 2965 വോട്ടുകൾ മാത്രമാണ് നേടാനായത് .2021 ലെ വോട്ടിംഗ് നില താഴെ കാണാം :-

ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ശബരിമലയുടെ പ്രമുഖ ഇടത്താവളമായ എരുമേലി കൂടി ഉൾപ്പെടുന്ന പൂഞ്ഞാർ മണ്ഡലത്തിലേത് ..മാത്രമല്ല  ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം ,ശബരി റയിൽവേ ഉൾപ്പെടെ നാടിൻറെ മുഖച്ഛായ മാറ്റുന്ന   വികസനത്തിലേക്ക് കുതിക്കുന്ന എരുമേലി തങ്ങളുടെ ജനപ്രതിനിധിയെ വിവേകത്തോടെ വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടതുണ്ട് .ഇടതുപക്ഷ സർക്കാർ അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ചുവർഷക്കാലം മലയോര മേഖലയുടെ ,കർഷകരുടെ പ്രശ്നങ്ങൾക്ക്   ഒരുപരിധി വരെ പ്രശ്നപരിഹാരം ഉണ്ടായതു വോട്ടായി മാറി പൂഞ്ഞാറിന്റെ വികസനത്തിന് തുടർച്ച തന്നിലൂടെ ഉണ്ടാകുമെന്നു തന്നെയാണ്   അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നത് .ബഫർസോൺ ,മലയോര പട്ടയം ,വനം വന്യജീവിആക്രമണ പരിഹാരമായി  വനാതൃത്തിയിലെ ഫെൻസിങ് ,റോഡ് വികസനം,ശബരിമല ഇടത്താവള മാസ്റ്റർപ്ലാൻ എരുമേലി റിംഗ് റോഡുകൾ  തുടങ്ങി ജനങ്ങൾക്കുവേണ്ടി നടത്തിയ ഇടപെടലുകൾ വോട്ടായിമാറുമെന്നും വിജയം സുനിശ്ചിതമാണെന്നും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു .

അഭിഭാഷകന്‍, രാഷ്ട്രീയ നേതാവ് , സാമൂഹ്യപ്രവർത്തകൻ ,സഹകാരി, കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗം, കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്, മലനാട് ഡെവല്പ്‌മെന്റ് സൊസൈറ്റി (എം. ഡി. എസ്.) ഡയറക്ടര്‍.കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ എസ് സിയിലൂടെ കാമ്പസ് രാഷ്ട്രീയത്തിലെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജ് യൂണിയന്‍ ചെയര്‍മാന്‍(1987-88), ബിരുദ വിദ്യാര്‍ഥി പ്രതിനിധി, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ക്യാമ്പസ് രാഷ്ട്രീയം സജീവമായിരുന്ന 90കളില്‍ കെഎസ്‌സിയുടെയും കേരള യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം,കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ്.വിദ്യഭ്യാസ കാലം മുതല്‍ പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ച് കേരള കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലെത്തി. വാര്‍ഡു തലം മുതല്‍ സംസ്ഥാന തലം വരെ പാര്‍ട്ടി പ്രവര്‍ത്തന പരിചയം. നിരവധി പൊതുതെരഞ്ഞെടുപ്പുകളില്‍ നിയോജകമണ്ഡലം തലത്തില്‍ നേതൃചുമതലകള്‍ വഹിച്ചു.

ഈരാറ്റുപേട്ട പ്ലാശനാൽ സ്വദേശിയായ അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) മൂലേച്ചാലിലാണ്  പൂഞ്ഞാറിൽ യു.ഡി.എഫ്  ലെ  കോൺഗ്രസ് സ്ഥാനാർഥി .പാലാ സെൻറ് തോമസ് കോളേജിൽ നിന്നും ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദം, പൂനെ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ.എൽ.ബി, അതെ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റിൽ (എം.ബി.എ) ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജിൽ ചെയർമാൻ ആയി രാഷ്ട്രീയ, സാമൂഹ്യ രംഗത്തേക്ക് എത്തിയ സെബാസ്റ്റ്യൻ 25-ാം വയസ്സിൽ തലപ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി. 10 വർഷം പഞ്ചായത്തിനെ നയിച്ചു.24 വർഷമായി  കോൺഗ്രസ്‌ തലപ്പലം മണ്ഡലം പ്രസിഡന്റ്‌,  തലപ്പലം സർവ്വീസ് സഹകരണ ബാങ്കിന്റെ  24 വർഷമായി പ്രസിഡന്റുമാണ്  സജി ജോസഫ് .

യൂ ഡി എഫിന് പ്രതിസന്ധിയാകുന്നത് പൂഞ്ഞാറിലെ നിരവധി സ്ഥാനാർഥിമോഹികളുടെ നിസഹകരണമായിരിക്കാം ,പ്രത്യേകിച്ചു മുണ്ടക്കയം ,എരുമേലി മേഖലകളിൽ നാളിതുവരെ രാഷ്ട്രീയ പ്രവർത്തനവുമായി എത്തിയിട്ടില്ലാത്ത നിലവിലെ യൂ ഡി എഫ് സ്ഥാനാർഥിയെ എത്രമാത്രം തദ്ദേശീയരായ നേതാക്കളും അണികളും ഉൾക്കൊള്ളുമെന്നത് കണ്ടറിയേണ്ടതാണ് .മുൻ യൂ ഡി എഫ്  സ്ഥാനാർഥി അഡ്വ ടോമി കല്ലാനി ,ജോമോൻ ഐക്കര , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആശാ ജോയി ,അഡ്വ പി ജിരാജ് ,ഡി സി സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രകാശ് പുളിക്കൽ ,മുൻ മുണ്ടക്കയം  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ റോയി കപ്പലുമാക്കൽ, വസന്ത് തെങ്ങുംപള്ളി . സർവ്വോപരി കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗവുമായിരുന്ന അഡ്വ പി എ സലിം വരെ ജനപ്രീതിയുള്ള നേതാക്കൾ രംഗത്തുള്ളപ്പോൾ ആണ് സജി ജോസഫിന്റെ പൂഞ്ഞാറിലേക്കുള്ള വരവ് എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ് .ഇതിനിടയിൽ ചില വ്യവസായ ഗ്രൂപ്പുകളുടെ ഇടപെടലും സജി ജോസഫിന്റെ സ്ഥാനാര്ഥിത്വത്തിൽ ഉണ്ടായെന്നത് വോട്ടുകളുടെ ഗതി നിയന്ത്രിക്കുന്നതാണ് .

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇത്തവണ ബി ജെ പി സ്ഥാനാർത്ഥിയായാണ്  പി സി ജോർജ് ജനവിധി തേടുന്നത്. 1980 മുതൽ ഇടത് ,വലത്, സ്വതന്ത്ര പരിവേഷത്തിൽ  പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഒൻപത് തവണ ജനവിധി തേടിയ ജോർജ് ഒൻപതിൽ ഏഴ് തവണയും വിജയിച്ച് നിയമസഭയിൽ എത്തി. 1987ൽ എൻഎം ജോസഫിനോടും 2021ൽ സെബാസ്റ്റ്യൻ കുളത്തിങ്കലിനോടും മാത്രമാണ് ജോർജ് പരാജയപ്പെട്ടത്.2016 നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് പിസി ജോർജിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ശ്രദ്ധേയമായത്  . 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായായി മത്സരിച്ചെങ്കിലും സെബാസ്റ്റ്യൻ കുളത്തിങ്കൽ വിജയിച്ചു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമായാണ് പി സി ജോർജ് ജനവിധി തേടുന്നത്.

112 thoughts on “പൂഞ്ഞാറിൽ ചിത്രം തെളിഞ്ഞു ;സെബാസ്റ്റ്യൻ  കുളത്തുങ്കൽ ,സജി ജോസഫ് ,പി സി ജോർജ് എന്നിവർ ഏറ്റുമുട്ടും 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!