ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി ആറിന് മുൻപ് പുറത്തിറക്കും. സ്ഥാനാർത്ഥി നിർണയവുമായി
ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം ഈമാസം 27ന്
തിരുവനന്തപുരത്ത് ചേരും. ഡൽഹിയിൽ ഹൈക്കമാൻഡുമായി കേരള നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഫെബ്രുവരി ആറിന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് യാത്രയ്‌ക്ക് മുൻപ് ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനാണ് നീക്കം.
യാത്ര കാസർകോട് നിന്നാരംഭിക്കുന്നതിനാൽ വടക്കൻ ജില്ലകളിലെ തർക്കമില്ലാത്ത
മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിഷയം യോഗത്തിൽ ചർച്ചയായില്ലെന്ന് നേതാക്കൾ പറഞ്ഞു.
തൃപ്പൂണിത്തുറ, പാലക്കാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ ജയസാദ്ധ്യത നോക്കി
സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കാനാണ് ധാരണ. തൃപ്പൂണിത്തുറയിൽ
സിറ്റിംഗ് എം.എൽ.എ കെ.ബാബു മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാർട്ടി
പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട്ട് പുതിയ സ്ഥാനാർത്ഥിയെ
കണ്ടെത്തും. കൊച്ചി, കളമശേരി, ഗുരുവായൂർ, പട്ടാമ്പി അടക്കം ചില സീറ്റുകൾ
മുസ്ളിംലീഗും കോൺഗ്രസും വച്ചുമാറും.
