എരുമേലി :കോട്ടയം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ എരുമേലി
കൊരട്ടിയിലുള്ള പിൽഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവൃത്തികൾ
ഫെബ്രുവരിയിൽ ആരംഭിക്കും. ഇതിനായി ടൂറിസം വകുപ്പ് 1.65 കോടി രൂപ
അനുവദിച്ചിരുന്നു. ഫോറസ്‌റ്റ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിനാണ് കരാർ. ശബരിമല
തീർഥാടകർക്ക് വേണ്ടി നാലര ഏക്കറിൽ നിർമിച്ച അമിനിറ്റി സെന്ററിൽ അഞ്ച്
കെട്ടിടങ്ങളും, 80 പൊതുശുചിമുറികളുമുണ്ട്. ശുചിമുറികളിൽ പലതും ഇപ്പോൾ
ഉപയോഗക്ഷമമല്ല. 2024ൽ ഒരുകോടി രൂപ ചെലവിൽ റോഡ് കോൺക്രീറ്റിങ്ങും
കെട്ടിടങ്ങളുടെ അത്യാവശ്യ അറ്റകുറ്റപ്പണികളും നടത്തിയിരുന്നു.
അവശേഷിക്കുന്ന നവീകരണം പൂർത്തീകരിക്കാനാണ് 1.65 കോടി രൂപ അനുവദിച്ചത്.
നിലവിലെ ഇടുങ്ങിയ ശുചിമുറികൾ പൊളിച്ച് വിസ്‌താരമുള്ളവ പണിയും. മറയുള്ള
ബാത്ത് ഏരിയ നിർമിക്കും. പുതിയ ഡോർമിറ്ററികൾ, ചുറ്റുമതിൽ നിർമാണം, കിച്ചൻ
ഹാൾ നവീകരണം, മാലിന്യ സംസ്കരണ സംവിധാനം, പുതിയ ഗേറ്റ്, നെയിം ബോർഡ്,
പൂന്തോട്ടം, വയറിങ്, പ്ലംബിങ് എന്നിവയും നടത്തും. ആകെ 10 മുറികളും ആറ്
ഡോർമിറ്ററികളും അടുക്കളയോടുകൂടിയ ഹാളും അമിനിറ്റി സെന്ററിലുണ്ട്. 350
പേർക്ക് ഒരേസമയം തങ്ങാം. 100 വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.
കെടിഡിസിയുടെ നിയന്ത്രണത്തിലായിരുന്ന അമിനിറ്റി സെന്ററർ പിന്നീട്
ഡിടിപിസിക്ക് കൈമാറുകയായിരുന്നു. നവീകരണം പൂർത്തിയായ ശേഷം വെബ്‌സൈറ്റ് വഴി കൂടുതൽ പ്രചാരണം നൽകാനാണ് തീരുമാനം.
