ശബരി എയർപോർട്ട് : പാലാ സബ് കോടതി വിധി തടസ്സമാവില്ലെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

എരുമേലി: ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾക്ക് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ്ബ് കോടതി പുറപ്പെടുവിച്ച വിധി തടസ്സമാവില്ലെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. വിധി അനുകൂലമായിരുന്നുവെങ്കിൽ ഭൂമി എയർപോർട്ട് നിർമ്മാണത്തിന് വേണ്ടി ട്രാൻസ്ഫർ ചെയ്ത് പദ്ധതിയുമായി മുന്നോട്ടു പോകുവാൻ കഴിയുമായിരുന്നു. വിധി എതിരായ സാഹചര്യത്തിൽ ഇനി നിലവിൽ നടന്നുവന്നിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളിലൂടെ ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ടി വരും. ലാൻഡ് അക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 പ്രകാരം ഏതു ഭൂമിയും വികസന ആവശ്യത്തിനുവേണ്ടി സർക്കാരിന് ഏറ്റെടുക്കാൻ കഴിയും. ഇത് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയതായും എംഎൽഎ പറഞ്ഞു. അതിനാൽ തന്നെ പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ മുന്നോട്ടു കൊണ്ടുപോയി ഭൂമി ഏറ്റെടുത്ത് വിമാനത്താവളം യാഥാർത്ഥ്യമാക്കും. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ്ബ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്ന വിധി എല്ലാ വസ്തുതകളും പരിഗണിക്കാതെ ഉള്ളതാണ്. അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, അവരുടെ പിൻഗാമികളുടെയും ദീർഘകാലത്തെ കൈവശാവകാശം മാത്രം അടിസ്ഥാനപ്പെടുത്തി നിയമസാധുത കണക്കാക്കിയാണ് അവർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. പാലാ സബ് കോടതി വിധിക്കെതിരെ അടിയന്തരമായി അപ്പിൽ സമർപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ലാൻഡ് അക്വസിഷന്‍ ആക്ട് സെക്ഷൻ 11(1) പ്രകാരം പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു കഴിഞ്ഞു. അധികം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയത്. ഹൈക്കോടതി ചൂണ്ടിക്കാണിച്ച ന്യൂനത പരിഹരിച്ച് വിജ്ഞാപനം പുനപുറപ്പെടുവിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. എല്ലാ തടസ്സങ്ങളും പരിഹരിച്ച് വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. ഗവർണർ നിയമസഭയിൽ നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തിലും എരുമേലി വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്നും 2030 ഓടുകൂടി നാടിനു സമർപ്പിക്കും എന്നും നയ പ്രഖ്യാപന രേഖയിൽ പ്രസ്താവിച്ചിട്ടുണ്ട് എന്നും എംഎൽഎ ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!