എരുമേലി :ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമ്മാണം 2026-ൽ ആരംഭിക്കുമെന്നും 2030-ഓടെ കമ്മീഷൻ ചെയ്യുമെന്നും ഗവർണർ സംസ്ഥാന നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ചു .ഇതോടെ ശബരിമല വിമാനത്താവള പദ്ധതിക്ക് വീണ്ടും ജീവൻ വച്ചിരിക്കുകയാണ് .കഴിഞ്ഞ ദിവസം പല സബ് കോടതി ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി ഉടമസ്ഥവകാശ തർക്കത്തിൽ നിർദിഷ്ട വിമാനത്താള പദ്ധതിക്ക് ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമി അയന ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന് വിധിച്ചിരുന്നു .സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വന്നതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി സർക്കാരിന്റെ മുൻഗണന പദ്ധതിയായി പരിഗണിക്കപ്പെടുമെന്നത് ഉറപ്പായിട്ടുണ്ട് .
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയെ ചൊല്ലിയാണ് സംസ്ഥാന സർക്കാരും ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിലെ അയന ചാരിറ്റബിൾ ട്രസ്റ്റും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കം. ശബരിമല വിമാനത്താവള പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ ഭൂമി കണ്ടെത്തിയതിന് പിന്നാലെയാണ് ഉടമസ്ഥ തർക്കം വിവാദമായും കോടതി കയറിയതും. സ്വന്തം ഭൂമിയാണെന്ന് സ്ഥാപിച്ചാണ് സംസ്ഥാന സർക്കാർ വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോയത്.
2005 ൽ ഹാരിസൺ മലയാളം കമ്പനിയിൽ നിന്ന് വാങ്ങിയ ഭൂമിയാണെന്ന അവകാശവുമായി അന്നത്തെ ഗോസ്പൽ ഫോർ ഏഷ്യയെന്ന ഇന്നത്തെ അയന ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തെത്തി. ഇതിനിടെ, വിദേശകമ്പനികളുടേയും വ്യക്തികളുടേയും ഭൂമി ഏറ്റെടുക്കണമെന്ന് എംജി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിനെതിരെ ഹാരിസൺ മലയാളം കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ഹൈക്കോടതി ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് ഉത്തരവിട്ടു.തുടർന്നാണ് 2019 ൽ സംസ്ഥാന സർക്കാർ പാലാ സബ് കോടതിയിൽ ഹർജി നൽകിയത് .
സബ് കോടതി ഉത്തരവിനെതിരെ സർക്കാർ മേൽകോടതിയെ സമീപിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ശബരിമല വിമാനത്താവളത്തിന്റെ വിഞ്ജാപനം നടപടിക്രമങ്ങളിൽ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഏതായാലും 2013 ലെ ലാൻഡ് അക്ക്യുസിഷൻ നിയമമനുസരിച്ച് പൊന്നുംവില സ്ഥലം നഷ്ടപ്പെടുന്നവർക്കും വീട് നഷ്ടപ്പെടുന്നവർക്കും ലഭ്യമാകുമെന്നാണ് അറിയുന്നത് .എൻ എച്ച് 66 ,വിഴിഞ്ഞം പദ്ധതി എന്നിവിടങ്ങളിലൊക്കെ ഇത്തരത്തിൽ വൻ തുക നഷ്ടപരിഹാരമായി ലഭിച്ചിരുന്നു .ഇത് കൂടാതെ പുനരധിവാസ പാക്കേജുകളും ഏർപ്പെടുത്തുകയുണ്ടായി .ഇതൊക്കെ ശബരിമല വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിക്കും ലഭ്യമാകുന്നതാണ് .
പദ്ധതി പ്രദേശത്തുള്ള സ്ഥലത്തിന് പൊന്നുംവിലയും വീടിന്റെ ഒരു പോർഷൻ മാത്രമേ പോകുന്നുള്ളൂ എങ്കിലും പിഡബ്ള്യു റേറ്റ് അനുസരിച്ച് പുനർനിർമ്മിക്കുന്നതിനാവശ്യമായ ഇരട്ടിവിലയാണ് ഉടമസ്ഥന് ലഭിക്കുന്നത് .മാത്രമല്ല വിശദമായ പുനരധിവാസ പാക്കേജും ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .
