എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പ്രചാരണവിഷയം: എം എ ബേബി

തിരുവനന്തപുരം : അതിദാരിദ്ര്യത്തിനെതിരായ കേരളത്തിന്റെ വിജയം ഇടതു സര്‍ക്കാരിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടേയും,
വെല്ലുവിളികളുടെ നടുവിലും മെച്ചപ്പെട്ട ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള
പ്രതിബദ്ധതയുടേയും തെളിവാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. എ കെ
ജി സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. അതിദാരിദ്ര്യ
നിർമാര്‍ജ്ജനം സാധ്യമാക്കിയതില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി
സര്‍ക്കാരിനെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചതായി എം എ ബേബി പറഞ്ഞു.
അതിദാരിദ്ര്യത്തിനെതിരായ വിജയം പുരോഗമന രാഷ്‌ട്രീയത്തിലും, അധികാര
വികേന്ദ്രീകൃത ഭരണ നിര്‍വഹണത്തിലും അവകാശാധിഷ്ഠിത സമീപനത്തിലും
അടിസ്ഥാനപ്പെട്ട കേരള വികസന മാതൃകയുടെ കാര്യക്ഷമതയുടെ തെളിവാണ്‌. കേരളം ഈ
വിജയം കൈവരിച്ചത്‌ പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന
സര്‍ക്കാരുകളുടെ ഫണ്ടുകള്‍ വെട്ടിച്ചുരുക്കുന്ന യൂണിയന്‍ സര്‍ക്കാരിന്റെ
നയങ്ങളുടേയും, കേരളത്തിനെതിരായി നിരന്തരം സംഘടിപ്പിക്കപ്പെടുന്ന സാമ്പത്തിക
യുദ്ധത്തിന്റേയും മധ്യത്തിലാണ്‌ എന്നതുകൊണ്ടുതന്നെ ഈ നേട്ടം കൂടുതല്‍
പ്രാധാന്യമര്‍ഹിക്കുന്നു. ബിജെപി
നയിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍
ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്യില്ല എന്ന പ്രഖ്യാപനം തൊഴിലാളികളോട്‌
ആഭിമുഖ്യമുള്ള കേരള സര്‍ക്കാരിന്റെ സമീപനമാണ്‌ വ്യക്തമാക്കുന്നത്‌.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍
ഒരിക്കല്‍ക്കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ചരിത്രപരമായ
മൂന്നാമൂഴത്തിലേക്ക്‌ തെരഞ്ഞെടുക്കും എന്നും എം എ ബേബി പറഞ്ഞു.കേരളം,
പശ്ചിമബംഗാള്‍, തമിഴ്‌നാട്‌, അസ്സം, പുതുച്ചേരി – നടക്കാനിരിക്കുന്ന
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പാര്‍ടിയുടെ തയ്യാറെടുപ്പിനെ കേന്ദ്ര
കമ്മിറ്റി വിലയിരുത്തി. കേരളത്തില്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി
സര്‍ക്കാരിന്റെ വിജയത്തിനായി നേട്ടങ്ങളിലൂന്നിയ പ്രചാരണത്തിലൂടെ പാര്‍ടി
പ്രവര്‍ത്തിക്കും. ബിജെപി നയിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍
കേരളത്തിനര്‍ഹതപ്പെട്ട വിഭവങ്ങള്‍ നിഷേധിക്കുന്നതിനേയും, അങ്ങനെ
സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികളേയും,
ഫെഡറലിസത്തിനെതിരായ നീക്കങ്ങളേയും തുറന്നുകാട്ടും. പാര്‍ലമെന്റിലെ ഏറ്റവും
വലിയ പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ ഫെഡറലിസത്തെ അട്ടിമറിക്കാന്‍
നടത്തപ്പെടുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ്‌ വരുത്തുന്ന
വീഴ്‌ചയേയും പാര്‍ടി തുറന്നുകാട്ടും. പ്രത്യേകിച്ച്‌ കേരളത്തില്‍
ആര്‍എസ്‌എസ്‌ – ബിജെപിക്കെതിരായ ആശയ സമരത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന
പോരായ്‌മയേയും ജനങ്ങള്‍ക്ക്‌ മുമ്പാകെ തുറന്നുകാട്ടും.ബംഗാളില്‍,
സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍
കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പരാജയത്തിനായി പാര്‍ടി പ്രവര്‍ത്തിക്കും.
അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ എല്ലാ ശക്തികളേയും ഒന്നിച്ചു
ചേര്‍ക്കാന്‍ പാര്‍ടി ശ്രമിക്കും. തമിഴ്‌നാട്ടില്‍, ബിജെപിയേയും
സഖ്യകക്ഷികളേയും പരാജയപ്പെടുത്താന്‍ ഡിഎംകെയുടേയും സഖ്യകക്ഷികളുടേയും ഒപ്പം
പാര്‍ടി മത്സരിക്കും.അസമില്‍,
രൂക്ഷമായ വര്‍ഗ്ഗീയ വിഭജനം നടത്തുന്ന ബിജെപി സര്‍ക്കാരിനെ
പരാജയപ്പെടുത്തുന്നതിനായി എല്ലാ ബിജെപി വിരുദ്ധ പാര്‍ടികളെയും, ശക്തികളേയും
സംഘടിപ്പിക്കും. പുതുച്ചേരിയില്‍ ബിജെപി മുന്നണി സര്‍ക്കാരിനെ
പരാജയപ്പെടുത്താനായി പാര്‍ടി പ്രവര്‍ത്തിക്കുമെന്നും എം എ ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!