തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിനോട് അടുക്കെ മുന്നണി മാറ്റ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന പ്രചരണങ്ങൾ
ശക്തമായിരുന്നു.കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട്
പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും, പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു
ബന്ധവുമില്ലെന്നും ജോസ് കെ. മാണി അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കി
രംഗത്തെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ബോധപൂർവം പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും ജോസ് കെ.
മാണി കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
“കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച്
വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില
സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത്
ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്.
ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി
സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഈ
വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിട്ടുള്ളതാണ്.
കൂടാതെ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പ്രസ്തുത
പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട്
സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക്
പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കെ
ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന
അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവം പാർട്ടി
അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണ്. കേരള
കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.”
