കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും കാറ്റിൽപ്പറത്തി ഒരുലക്ഷം കടന്ന് സ്വർണക്കുതിപ്പ്. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപയിലും പവന് 1,01,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 10,440 രൂപയിലെത്തി.ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. ഈ മാസം 15ന് രേഖപ്പെടുത്തിയ പവന് 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമെന്ന റിക്കാർഡാണ് പഴങ്കഥയായത്. ചാഞ്ചാട്ടത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്ന സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഉയർന്നിരുന്നു.
ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷമാണ് ചാഞ്ചാടിയത്.
ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്.എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു.
വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു.
തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണ വില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില 28ന് 89,000 രൂപയിലും താഴെവീഴുകയായിരുന്നു.
നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഒറ്റയടിക്ക് 150ലേറെ ഡോളർ ഉയർന്ന് 4,498 ഡോളറെന്ന റിക്കാർഡ് നിരക്കിലെത്തി
