നിലയ്ക്കല്‍ :സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ഘട്ടങ്ങളായി മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവ് പൂര്‍ത്തിയാകുന്നത് വരെയുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നുമേഖലകളായി തിരിച്ചാണ് സുരക്ഷയോരുക്കുന്നത്. ഇത്തരത്തില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ എസ്.പിമാര്‍, അഡീഷണല്‍ എസ്.പി മാര്‍, ഡി.വൈ,എസ്.പിമാര്‍, ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടും.നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തും. തീര്‍ഥാടകരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിംഗ് എന്നിവ ഉണ്ടാകും.പ്രധാന സ്ഥലങ്ങളില്‍ കേരള പോലീസിന്റെ കമാന്‍ഡോകളെ വിന്യസിക്കും. പ്രധാന വാഹന പാര്‍ക്കിംഗ് ഏരിയ നിലയ്ക്കല്‍ ആണെന്നും അനധികൃത പാര്‍ക്കിംഗ് അനുവദിക്കുകയില്ലെന്നും പോലീസ് മേധാവി പറഞ്ഞു. ഇവിടങ്ങളില്‍ ആവശ്യത്തിന് സി.സി.ടി.വി, ശൗചാലയങ്ങള്‍ ഉറപ്പാക്കും. ഇടത്താവളങ്ങളില്‍ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാര്‍ഡ്, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ പമ്പാതീരത്ത് ഒരുക്കിയിട്ടുണ്ട്. ക്യൂ കോപ്ലെക്സുകളില്‍ തിരക്ക് നിയന്ത്രിക്കും. പമ്പാ നദിക്കരയില്‍ പുതുതായി നിര്‍മ്മിച്ച ജര്‍മ്മന്‍ ഷെഡുകളില്‍ 4000 പേരെ വരെ ഉള്‍ക്കൊള്ളാനാകും.പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാന്‍ സ്പെഷ്യല്‍ ആന്റി തെഫ്റ്റ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എ.ഐ അധിഷ്ഠിത സി.സി.ടി.വിയുടെ സേവനം ഉപയോഗപ്പെടുത്തും.ഡോളി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താത്കാലിക തൊഴിലാളികളെ തിരിച്ചറിയാന്‍ പമ്പ പോലീസ് വികസിപ്പിച്ച ആപ്പ് ഉപയോഗിക്കും.ആംബുലന്‍സുകള്‍ക്ക് പ്രത്യേക പാത ഉറപ്പാക്കും.പോലീസ്, ജില്ലാ ഭരണകൂടം, അഗ്നിരക്ഷാ സേന, ആരോഗ്യം, ജലവിഭവ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ദേവസ്വം, കെ.എസ്.ആര്.ടി.സി എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് 24×7 പ്രവര്‍ത്തിക്കുന്ന ഇന്റര്‍ഗ്രേറ്റഡ് കണ്ട്രോള് റൂം പമ്പയില്‍ പ്രവര്‍ത്തിക്കും.പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത് തിരുവനന്തപുരം, എറണാകുളം റേഞ്ച് ഡി.ഐ.ജിമാരായ എസ്.അജീത ബീഗം, സതീഷ് ബിനോ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ പോലീസ് മേധാവിമാരായ ആനന്ദ് ആര്, സാബു മാത്യു കെ.എം, ഷാഹുല്‍ ഹമീദ് എ, ശബരിമല ഒന്നാംഘട്ട ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള സ്പെഷ്യല്‍ ഓഫീസര്‍മാര്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുടത്തു.
