കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്രയ്ക്ക് നവ. 13 ന് രാവിലെ 9 മണിക്ക് മുണ്ടക്കയത്തും 11 മണിയ്ക്ക് എരുമേലിയിലും സ്വീകരണം

എരുമേലി:കേരളത്തിൻ്റെ മലയോര മേഖലയിൽ അനുദിനം രൂക്ഷമായി വരുന്ന വന്യമൃഗശല്യത്തിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരങ്ങൾ ആവശ്യപ്പെട്ട് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹം നടന്നു വരികയാണ്. പ്രത്യേകിച്ച് ഏതെങ്കിലും സംഘടനയുടെ ആഭിമുഖ്യത്തിലല്ലാ ഈ സത്യാഗ്രഹ സംഘാടനം . ഈ പ്രശ്നത്തിനിരയായ കർഷകരുടെ മുൻകൈയ്യിൽ രൂപീകൃതമായ സമര സമിതിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. ഇത്തരമൊരു സത്യാഗ്രഹത്തിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഈ വിഷയത്തിൽ ഭരണപരമായി ചെയ്യാവുന്ന കാര്യങ്ങൾ ഒന്നൊന്നായി ചൂണ്ടികാണിച്ചു കൊണ്ടുള്ള നിവേദനങ്ങൾ നൽകിയിട്ടുണ്ട്. സായാഹ്ന സത്യാഗ്രഹമാണ് ഇപ്പോൾ പിന്തുടരുന്ന സത്യാഗ്രഹ രൂപം. സത്യാഗ്രഹം മുന്നോട്ടു പോകുമ്പോൾ ആവശ്യമായി വന്നാൽ കൂടുതൽ രൂക്ഷമായ സത്യാഗ്രഹ രൂപങ്ങൾ സ്വീകരിക്കും.

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ഒരു പ്രാദേശിക സമരമല്ലിത്. സംസ്ഥാനതല സമരം എന്ന നിലയിൽ ഈ നീക്കത്തെ ഉൾക്കൊണ്ട് ഈ പ്രശ്നത്തിൽ ആശങ്കയുള്ള കേരളത്തിലെ എല്ലാ വിഭാഗമാളുകളുടെയും പിന്തുണയോടെ ഈ സമരത്തെ ലക്ഷ്യത്തിലെത്തിക്കാനാണ് സത്യാഗ്രഹ സമിതി പരിശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായി രൂപം കൊടുത്ത കർഷകസ്വരാജ് സത്യാഗ്രഹ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഉടനെ രണ്ട് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നവം 7 ന് വെള്ളരിക്കുണ്ടിൽ നിന്നാരംഭിച്ച് 15 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സംസ്ഥാന തല പ്രചരണ വാഹന ജാഥ, നവം 15 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ 100 മണിക്കൂർ ഉപവാസം എന്നിവയാണത്.
കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്രയ്ക്ക് നവ. 13 ന് രാവിലെ 9 മണിക്ക് മുണ്ടക്കയത്തും 11 മണിയ്ക്ക് എരുമേലിയിലും സ്വീകരണം നൽകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!