ക്ഷേത്രങ്ങളിലെ വഴിപാട് രശീതിമുതൽ നിർമാണക്കരാർവരെ ഒറ്റ ക്ലിക്കിൽ ലഭിക്കണം -ഹൈകോടതി

കൊച്ചി : ക്ഷേത്രങ്ങളിലെ വഴിപാട് രശീതി മുതൽ നിർമാണക്കരാർ വരെയുള്ള വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന സമഗ്ര സംവിധാനം വേണമെന്ന് ഹൈകോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് ഇത്തരം വിവരങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ കഴിയുന്ന സമഗ്രമായ സോഫ്റ്റ്​വെയർ വികസിപ്പിക്കുന്നതിലുള്ള തീരുമാനം ഒരുമാസത്തിനുള്ളിൽ അറിയിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1250ഓളം ക്ഷേത്രങ്ങളിലെ ഓഡിറ്റിങ് അടക്കമുള്ളവ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കാത്തതിനെതിരെ ദേവസ്വം ജീവനക്കാരൻ നൽകിയ പരാതിയെത്തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.

ഒരു സാമ്പത്തികവർഷത്തെ ഓഡിറ്റിങ്​ അടുത്ത അഞ്ചുവർഷം വരെ നീളുന്ന അവസ്ഥയാണുള്ളതെന്ന്​ ​സ്റ്റേറ്റ് ഓഡിറ്റ്സ് ഡയറക്ടർ അറിയിച്ചു. 2020ലെ ഓഡിറ്റിങ്ങാണ് ഇപ്പോൾ നടക്കുന്നത്​. 2021-22നുശേഷം ദേവസ്വം ബോർഡ് വാർഷിക റിപ്പോർട്ട് കൈമാറിയിട്ടില്ല. ആവശ്യപ്പെടുന്ന രേഖകളൊന്നും ദേവസ്വത്തിൽനിന്ന് ലഭിക്കാത്തതാണ് ഓഡിറ്റിങ്ങിന് തടസ്സമാകുന്നത്​. 5000 പേരെ നിയോഗിച്ചാൽപോലും ഓഡിറ്റിങ് പൂർത്തിയാക്കാനാകില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.മുറുക്കാൻകടയിൽ പോലും കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉള്ളപ്പോൾ ദേവസ്വം ബോർഡിന്റെ നിലക്കലിലെ പെട്രോൾ പമ്പിൽ കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് കോടതി വിമർശിച്ചു. നിലവിൽ എൻ.ഐ.സിയുമായി ഉണ്ടാക്കിയ കരാർ പര്യാപ്തമല്ല. ഭഗവാന്‍റേതാണ് ദേവസ്വത്തിന്റെ പണമെന്നും കോടതി ഓർമിപ്പിച്ചു.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങൾ ഉപയോഗിക്കുന്നത് പോലുള്ള സോഫ്റ്റ്​വെയർ ഉപയോഗിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ദേവസ്വം ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ, വഴിപാട് വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയ ആ സോഫ്റ്റ്​വെയർ പര്യാപ്തമല്ലെന്ന്​ കോടതി പറഞ്ഞു.

7 thoughts on “ക്ഷേത്രങ്ങളിലെ വഴിപാട് രശീതിമുതൽ നിർമാണക്കരാർവരെ ഒറ്റ ക്ലിക്കിൽ ലഭിക്കണം -ഹൈകോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!