രാത്രി പകലാക്കി: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്

*ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവച്ചു

*എയിംസിന് ശേഷം സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവച്ചു

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറി. ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത് പ്രശസ്ത കാർഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. 8 അവയവങ്ങളാണ് ദാനം ചെയ്തത്. അതിൽ ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കാണ് ലഭിച്ചത്.

ഡോക്ടർമാർ, നഴ്സുമാർ, ഫെർഫ്യൂഷനിസ്റ്റുകൾ, ടെക്നീഷ്യൻമാർ, മറ്റ് ജീവനക്കാർ ഉൾപ്പെടെ 50 ഓളം പേരാണ് രാത്രി പകലാക്കി 3 മേജർ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. 3 ഓപ്പറേഷൻ തീയറ്ററുകളിൽ 3 ടീമുകളാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ദാതാവിൽ നിന്നുള്ള അവയവങ്ങൾ സ്വീകരിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. തുടർന്ന് 9 മണിയോടെ സ്വീകർത്താക്കൾക്ക് അവയവം മാറ്റിവയ്ക്കുന്ന 3 ശസ്ത്രക്രിയകളും ആരംഭിച്ചു. പുലർച്ചെ 2 മണിയോളം നീളുന്നതായിരുന്നു ശസ്ത്രക്രിയകൾ. തൃശൂർ സ്വദേശിയായ 59 വയസുകാരന് ഹൃദയവും കോട്ടയം സ്വദേശിനിയായ 27 വയസുകാരിക്ക് ശ്വാസകോശവും പത്തനംതിട്ട സ്വദേശിയായ 38 വയസുകാരന് വൃക്കയും വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായതിനാൽ ഒരാഴ്ചയോളം നിർണായകമാണ്.

One thought on “രാത്രി പകലാക്കി: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!