തിരുവനന്തപുരം : 2025 ഒക്ടോബർ 14
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി) യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മുഖ്യാതിഥിയാകും. 2025 ഒക്ടോബർ 15 ന് രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കും. ക്യാംപസിൽ നിർമ്മിച്ച സുവർണ ജൂബിലി ഇന്നൊവേഷൻ സെന്റർ കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്യും. നൂതനാശയത്തിൽ അധിഷ്ഠിതമായ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇന്നൊവേഷൻ സെന്റർ. നെക്സ്റ്റ് ജനറേഷൻ ഡൈ-സെൻസിറ്റൈസ്ഡ് ലൈറ്റ് ഹാർവെസ്റ്ററുകളുടെ വിന്യാസത്തിനുള്ള ഓട്ടോമേറ്റഡ് നോഡൽ-ഹബ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (AI-ML) ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനവും നടക്കും.
കേരളത്തിലെ ഹൗസ് ബോട്ട് വ്യവസായം നേരിടുന്ന മലിനജല പ്രശ്നങ്ങൾ പരിഹരിക്കാൻ, ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡുമായി സഹകരിച്ച് കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷനുമായി എൻഐഐഎസ്‌ടി ധാരണാപ്രതം ഒപ്പിടും. ബോട്ടിനുള്ളിലും പുറത്തുമുള്ള ശുദ്ധീകരണ സംവിധാനങ്ങൾ വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. എംആർഎഫ് ലിമിറ്റഡുമായി സ്മാർട്ട് ടയർ സാങ്കേതികവിദ്യയിൽ ഒപ്പിടുന്ന ധാരണാപ്രതം സ്വയം പ്രവർത്തിക്കുന്ന ടയർ നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കാൻ സഹായിക്കും. എൻഐഐഎസ്ടി വികസിപ്പിച്ച അലുമിനിയം-മഗ്നീഷ്യം-സ്കാൻഡിയം അലോയ്സ് പ്രതിരോധ മേഖലയ്ക്ക് കരുത്തേകും. മുംബൈയിലെ സ്റ്റാർ അലൂകാസ്റ്റിനാണ് ഈ സാങ്കേതികവിദ്യ കൈമാറുന്നത്. മനുഷ്യന്റെ ശാരീരിക ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പെഡൽ-അസിസ്റ്റഡ് വ്യായാമ സംവിധാനം ‘വിദ്യുത് സ്വാസ്ഥ്യ’ കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്യും. ലാപ്ടോപ്പ്, ഫോൺ തുടങ്ങിയ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനും ആരോഗ്യസംരക്ഷണത്തിനുമായി ഇത് ഉപയോഗിക്കാം. എൻഐഐഎസ്ടി വികസിപ്പിച്ച ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നത്. സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ഐഐഎസ്ടി വൈസ് ചാൻസലർ പ്രൊഫ. ദീപാങ്കർ ബാനർജി, ഭാരത് ബയോടെക് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ചെയർമാനും, സിഎസ്ഐആർ-എൻഐഐഎസ്ടി ചെയർമാനുമായ ഡോ. കൃഷ്ണ എം. എല്ല, മുൻ കേന്ദ്രമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ എന്നിവർ വിശിഷ്ടാതിഥികളാകും. സിഎസ്ഐആർ-എൻഐഐഎസ്ടി ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. പി. നിഷി, അഗ്രോ പ്രോസസിംഗ് ഡിവിഷൻ മേധാവി ഡോ. കെ.വി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും
