കൊച്ചി : ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,210 രൂപയിലും പവന് 89,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 140 രൂപ താഴ്ന്ന് 9,220 രൂപയിലെത്തി.
അഞ്ചുദിവസം കുതിച്ചുയർന്ന സ്വർണവില വ്യാഴാഴ്ച ചരിത്രത്തിലാദ്യമായി 91,000 രൂപ ഭേദിച്ചിരുന്നു. പവന് 160 രൂപയാണ് വ്യാഴാഴ്ച ഉയർന്നത്. തിങ്കളാഴ്ച പവന് ഒറ്റയടിക്ക് 1,000 രൂപയാണ് വർധിച്ചത്. പിന്നാലെ ചൊവ്വാഴ്ച പവന് 920 രൂപയും വർധിച്ചു. ബുധനാഴ്ച മാത്രം രണ്ടു തവണകളായി 1,400 രൂപയാണ് വര്‍ധിച്ചത്.
ഈമാസം തുടക്കത്തിൽ സ്വർണക്കുതിപ്പ് ദൃശ്യമായിരുന്നു. ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയുമെന്ന നാഴികക്കല്ലും പിന്നിടുകയായിരുന്നു.