തിരുവനന്തപുരം: എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമെന്ന് പ്രതിപക്ഷത്തോട് മന്ത്രി വി.ശിവന്‍കുട്ടി. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.
നിയമസഭയിൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ദേവസ്വം മന്ത്രിയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ അപലപനീയമാണെന്നും ശിവൻകുട്ടി പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രിയെ ‘കള്ളൻ’ എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്തത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
സ്പീക്കറുടെ മുഖംമറച്ചുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. പ്രതിപക്ഷത്തിന് ഒരു മര്യാദയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന് പറഞ്ഞ് തരാമെന്നും ശിവൻകുട്ടി പറഞ്ഞു.
എത്ര ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിലും ഇത്തരം നിലവാരം കുറഞ്ഞ പദപ്രയോഗങ്ങൾ കേരള നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് പ്രതിപക്ഷ അംഗങ്ങൾ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.