സഹചാരിയായി സഹകരണ വകുപ്പ് മുറ്റത്തെ മുല്ല, അംഗസമാശ്വാസം, സഹകരണം സൗഹൃദം പദ്ധതികളിലൂടെ ജനമനസിലേക്ക്

പത്തനംതിട്ട : സഹകരണമേഖലയിലുള്ളവര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി വിവിധ പദ്ധതികള്‍ വകുപ്പ് നടപ്പാക്കുന്നു. ‘മുറ്റത്തെ മുല്ല’ ലഘുവായ്പ പദ്ധതി വഴി 56 സംഘങ്ങള്‍ 3832 കുടുംബശ്രീ യൂണിറ്റിലൂടെ 92.90 കോടി രൂപ 2025 ഓഗ്സ്റ്റ് വരെ വിതരണം ചെയ്തു. കാന്‍സര്‍, വൃക്ക, കരള്‍ രോഗികള്‍, എച്ച്.ഐ.വി ബാധിതര്‍, ഹൃദയ ശസ്ത്രക്രിയ നടത്തിയവര്‍,  കിടപ്പുരോഗികള്‍, മാതാപിതാക്കള്‍ മരണപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ 2806 പേര്‍ക്ക് അംഗസമാശ്വാസ നിധിയിലൂടെ 2021 മുതല്‍ ഇതുവരെ 5.75 കോടി രൂപയും നല്‍കി. ‘സഹകരണം സൗഹൃദം’ പദ്ധതിയിലൂടെ 2021 ന് ശേഷം 8.95 ലക്ഷം രൂപ ചെലവഴിച്ച് 31 ഭിന്നശേഷികാര്‍ക്ക് തൊഴില്‍ നല്‍കി. ചെറുകിട വഴിയോര കച്ചവടക്കാര്‍, ചെറുസംരംഭകര്‍ എന്നിവര്‍ക്കും ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവിനും ആയി 5.62 ലക്ഷം രൂപയും വിതരണം ചെയ്തു.
ഭക്ഷ്യ കാര്‍ഷിക മേഖല സ്വയം പര്യാപ്തതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘500 ഏക്കര്‍ സ്ഥലത്ത് കൃഷി’ പദ്ധതിയിലൂടെ ജില്ലയിലെ 13 സംഘങ്ങള്‍ നെല്ല്, വാഴ, വിവിധയിനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗം കൃഷിയിലൂടെ 300 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ 13 സഹകരണ സംഘങ്ങള്‍ മാതൃക കൃഷിത്തോട്ടം നടത്തുന്നു. ഹരിതം സഹകരണത്തിലൂടെ   പ്ലാവ്, കശുമാവ്, തെങ്ങ്, പുളിമരം, മാവ്, മാങ്കോസ്റ്റിന്‍ എന്നിവ നട്ട് പരിപാലിക്കുന്നു. ജില്ലയിലെ 87 സ്‌കൂളുകളില്‍ 993 ഔഷധസസ്യം വിതരണം ചെയ്തു. ഓണം, ക്രിസ്മസ്, റംസാന്‍, ബക്രീദ് ആഘോഷങ്ങളില്‍ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്നതിന് കണ്‍സ്യൂമര്‍ ഫെഡറേഷനുമായി ചേര്‍ന്ന് ഉത്സവചന്ത സംഘടിപ്പിക്കുന്നു. സാമ്പത്തിക സാമൂഹിക ഉന്നമനത്തിനും അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും പ്ലാന്‍ ഫണ്ട് പദ്ധതി പ്രകാരം ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് ഒമ്പത് വര്‍ഷമായി ധനസഹായവും വകുപ്പ് നല്‍കുന്നുണ്ട്.
സഹകാരികള്‍ക്ക് ആശ്വാസനിധി പദ്ധതിയിലൂടെ 2022-23 ല്‍ 2.95 ലക്ഷം രൂപ ജില്ലയില്‍ വിതരണം ചെയ്തു. ജില്ലയിലെ യുവ സംരംഭകരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും കൃഷി, ഐ ടി സേവനമേഖലയിലെ സംരംഭം എന്നിവയുടെ പുരോഗതിക്കായി രണ്ട് യുവജന സംരംഭക സഹകരണ സംഘവും രൂപീകരിച്ചു.
കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് 12 സഹകരണ സംഘങ്ങളില്‍ നിന്നും ടിവി, പ്രൊജക്ടര്‍, സോളാര്‍ പാനല്‍, ലാപ്ടോപ് എന്നിവ സൗജന്യമായി വിതരണം ചെയ്തു. ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങുന്നതിന് വിദ്യാതരംഗിണി പദ്ധതിയിലൂടെ 3.68 കോടി രൂപ 95 സഹകരണ സംഘങ്ങളിലൂടെ ജില്ലയില്‍ വിതരണം ചെയ്തു.
പ്രളയ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ സഹകരണ വകുപ്പിലൂടെ ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതിയിലൂടെ ജില്ലയില്‍ 114 കുടുംബങ്ങള്‍ക്ക് ഭവനം ഒരുക്കി. 5.64 കോടി രൂപയാണ് ഇതിനായി വകുപ്പ് വിനിയോഗിച്ചാത്. 2018ലെ പ്രകൃതി ദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്നതും വാസയോഗ്യമല്ലാതായതുമായ വീടുകളുടെ പുനര്‍നിര്‍മാണമാണ് സാധ്യമാക്കിയത്. 2019 ല്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!