ദുരിതംവിതച്ച് കൊല്‍ക്കത്തയിൽ കനത്തമഴ, നഗരം വെള്ളക്കെട്ടിൽ; അപകടങ്ങളിൽ നാല് മരണം

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ജനജീവിതം താറുമാറാക്കി കനത്ത മഴ. വൈദ്യുതാഘാതമേറ്റ് നാലുപേര്‍ മരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച കനത്തമഴ മൂലം പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വിവിധയിടങ്ങളില്‍ ഗതാഗതവും തടസ്സപ്പെട്ടു. റെയില്‍ ഗതാഗതത്തെയും മഴ ബാധിച്ചു.

ഗരിയ കംദഹാരിയില്‍ ഏതാനും മണിക്കൂറുകള്‍ക്കിടെ പെയ്തത് 332 മില്ലിമീറ്റര്‍ മഴയാണ്. ജോധ്പുര്‍ പാര്‍ക്കില്‍ ലഭിച്ചത് 285 മില്ലിമീറ്റര്‍ മഴയാണെന്ന് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) അറിയിച്ചു. കാലിഘട്ടില്‍ 280 മില്ലിമീറ്റര്‍, ടാപ്പ്‌സിയയിൽ 275 മില്ലിമീറ്റര്‍, ബേലിഗഞ്ചിൽ 264 മില്ലിമീറ്റര്‍ എന്നിങ്ങനെ മഴ രേഖപ്പെടുത്തി.

മെട്രോ സര്‍വീസും മഴ മൂലം തടസ്സപ്പെട്ടു. വിമാനസര്‍വീസ് സാധാരണ നിലയില്‍ നടക്കുന്നുണ്ട്. പലയിടങ്ങളില്‍ വീടുകളും വെള്ളക്കെട്ടിലായി. പമ്പുകളുടെ സഹായത്തോടെ കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നഗരത്തിന്റെ തെക്കന്‍, കിഴക്കന്‍ ഭാഗങ്ങളിലാണ് ഏറ്റവുമധികം മഴ പെയ്തത്.

ഹൗറ, സിയാല്‍ദഹ് ഡിവിഷനുകളിലെ റെയില്‍വേ ലൈനുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം സർവീസ് തടസ്സപ്പെട്ടു. ചില സർവീസുകൾ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചു. ഹൗറ-ജല്‍പായിഗുഡി, ഹൗറ-ഗയ, ഹൗറ-ജമല്‍പുര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയമാണ് പുനഃക്രമീകരിച്ചത്. ഹൗറ സ്റ്റേഷന്‍ യാര്‍ഡ്, സിയാല്‍ദഹ് സൗത്ത് സ്റ്റേഷന്‍ യാര്‍ഡ്, ചിറ്റ്പുര്‍ നോര്‍ത്ത് ക്യാബിന്‍ എന്നീവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!