കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.വി. ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. നവംബര്‍ 10വരെ മറുപടിസത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ സമയമുണ്ട്. നിയമാനുസൃതമല്ലാത്ത തുക തെരഞ്ഞെടുപ്പു ചെലവിനായി ഉപയോഗിച്ചുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് ഇലക്ഷന്‍ എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ എഴുതി സമര്‍പ്പിച്ചിരിക്കുന്ന കണക്കിന്‍പ്രകാരം 30,40,911 രൂപ ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാണി സി. കാപ്പന്റെ കണക്കുകള്‍ ഇതുമായി ഒത്തുപോകുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
