ശബരിമല സീസണിന് ഇനി രണ്ടുമാസം;ഇതുവരേം യാഥാർത്ഥ്യമാകാതെ എരുമേലി ഫയർസ്റ്റേഷൻ

എരുമേലി : ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളം, മതമൈത്രിയുടെ സംഗമവേദി അങ്ങനെ എരുമേലിയ്ക്ക് വിശേഷണങ്ങളേറെയാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ് ഈ കൊച്ചുപട്ടണം. മണ്ഡല മകരവിളക്ക് സീസണിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ഇവിടെ ഫയർസ്റ്റേഷൻ പോലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. തീർത്ഥാടനത്തിന് ഇനി രണ്ടുമാസം ശേഷിക്കെ സ്ഥലമെടുപ്പ് കീറാമുട്ടിയായി തുടരുകയാണ്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സർവകക്ഷിയോഗം ചേർന്ന് തീരുമാനമെടുത്തെങ്കിലും ഒന്നും നടപ്പായില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പഞ്ചായ ത്തിനെയാണ് ചുമതലപ്പെടുത്തിയത്. സ്ഥലം കണ്ടെത്തിയാൽ സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ തുക എം.എൽ.എ ഫണ്ടിൽനിന്ന് നൽകുമെന്ന് എം.എൽ.എ അറിയിച്ചിരുന്നു. ഇതിന് മുമ്പ് താത്കാലികമായി അഗ്നിരക്ഷാനിലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം വാടകയ്ക്കെടുക്കാനും തീരുമാനിച്ചു. എരുമേലിക്കടുത്ത് കൊരട്ടിയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. ടൗണിൽ നേർച്ചപ്പാറ വാർഡിൽ ഹൗസിംഗ് ബോർഡിന്റെ സ്ഥലവും പരിഗണനയിൽ വന്നു.

നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമ്മാണം കണക്കിലെടുത്ത് അഗ്നിരക്ഷാസേനയുടെ സ്ഥിരം യൂണിറ്റിന്റെ ആവശ്യകത എരുമേലിയിൽ അനിവാര്യമാണ്. അത്യാഹിതം ഉണ്ടായാൽ 15 കിലോമീറ്റർ ദൂരമുള്ള കാഞ്ഞിരപ്പള്ളിയിൽ നിന്നോ റാന്നിയിൽ നിന്നോ വേണം എരുമേലിയിൽ സേന എത്താൻ. എന്നാൽ തിരക്കിനിടയിലൂടെ സംഭവസ്ഥലത്ത് എത്തുകയെന്നത് പ്രയാസമാണ്. തീർത്ഥാടകരെ കൂടാതെ നൂറുകണക്കിന് താത്ക്കാലിക കടകളും സീസൺകാലയളവിൽ പ്രവർത്തിക്കുന്നുണ്ട്. 2 വർഷം മുൻപ് തീർത്ഥാടനകാല ആരംഭത്തിൽ എരുമേലിയിലെ ഷെഡിന് തീപിടിച്ചിരുന്നു.

ഇത്രയും തീർത്ഥാടന പ്രധാന്യമുള്ള എരുമേലിയിൽ ഫയർസ്റ്റേഷൻ ഇല്ലാത്തത് അധികൃതരുടെ പിടിപ്പുകേട് മൂലമാണ്. പ്രസ്താവനയിൽ മാത്രം പോരാ പ്രവൃത്തിയിലും അത് തെളിയിക്കാൻ ജനപ്രതിനിധികൾക്ക് കഴിയണം. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് എത്തിച്ചേരുന്നത് വരെ കാത്തിരുന്നാൽ വൻദുരന്തത്തിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!