ഭാരതത്തിന്റെ 79 ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു… ‘മരുഭൂമികളിലും ഹിമാലയ ശൃംഗങ്ങളിലും സമുദ്രതീരങ്ങളിലും തിരക്കേറിയ നഗരങ്ങളിലും എന്നുവേണ്ട, രാജ്യമെമ്പാടും മുഴങ്ങുന്ന ഒരേയൊരു ശബ്ദമുണ്ട്: നാമെല്ലാവരും ഭാരതത്തെ നമ്മുടെ ജീവനേക്കാൾ സ്‌നേഹിക്കുന്നു. 75 വർഷമായി, ഭാരത ഭരണഘടന ഒരു വിളക്കുമാടം പോലെ നമുക്ക് പാത കാണിച്ചുതരുന്നു.

ഭീകരതയുടെ യജമാനന്മാരെ അവരുടെ സങ്കൽപ്പത്തിനപ്പുറത്തേക്ക് ശിക്ഷിച്ച നമ്മുടെ ധീരരായ സൈനികരെ ഞാൻ അഭിവാദ്യം ചെയ്യുന്നു.ഭാരതം ഇനി ആണവ ഭീഷണികൾ സഹിക്കില്ലെന്ന് തീരുമാനിച്ചു, ഒരു ഭീഷണിക്കും നമ്മൾ വഴങ്ങില്ല. പാകിസ്ഥാനിൽ നമ്മുടെ സായുധ സേന വരുത്തിയ നാശം വളരെ വ്യാപകമായിരുന്നു, ദിവസവും പുതിയ വെളിപ്പെടുത്തലുകൾ നടക്കുന്നു. ഏപ്രിൽ 22 ന് (പഹൽഗാം ആക്രമണം) ശേഷം, ഭീകരരോട്
പ്രതികരിക്കാൻ ഞങ്ങൾ സായുധ സേനയ്‌ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് ഇന്ത്യ ഇപ്പോൾ തീരുമാനിച്ചു. സിന്ധു നദീജല കരാർ അന്യായമാണെന്ന് നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞു. സിന്ധു നദീജല കരാർ സംവിധാനത്തിൽ നിന്നുള്ള വെള്ളം ശത്രുക്കളുടെ ഭൂമിയിലേക്ക് ജലസേചനം ചെയ്തുകൊണ്ടിരുന്നു, അതേസമയം നമ്മുടെ സ്വന്തം കർഷകർ കഷ്ടപ്പെട്ടു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി നമ്മുടെ കർഷകർക്ക് ഇത്രയധികം നഷ്ടം വരുത്തിയ ഈ കരാർ എന്തിനാണ്?

അടിമത്തം നമ്മെ ദരിദ്രരാക്കി. അത് നമ്മെ ആശ്രയിക്കുന്നവരാക്കി, കാലക്രമേണ, മറ്റുള്ളവരെ ആശ്രയിക്കുന്ന തോത് വളരുകയേ ചെയ്തുള്ളൂ. എന്നാൽ നമ്മുടെ കർഷകർ നമ്മെ സ്വാശ്രയത്വത്തിലേക്ക് നയിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഇന്നും, ഒരു രാജ്യത്തിന്റെ യഥാർത്ഥ അഭിമാനം സ്വാശ്രയത്വത്തിലാണ്, അതാണ് വീകസിത് ഭാരതത്തിന്റെ അടിത്തറ. മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുമേൽ ചോദ്യങ്ങളുയർത്തും. ആശ്രയത്വം ശീലമാകുന്നത് നിർഭാഗ്യകരമാണ്, അപകടകരമാണ്. അതുകൊണ്ടാണ് നാം സ്വാശ്രയത്വം നേടുന്നതിൽ ബോധവാന്മാരായിരിക്കുകയും പ്രതിജ്ഞാബദ്ധരായിരിക്കുകയും വേണം. സ്വാശ്രയത്വം എന്നത് കയറ്റുമതി, ഇറക്കുമതി, രൂപ അല്ലെങ്കിൽ ഡോളർ എന്നിവ മാത്രമല്ല. അത് നമ്മുടെ കഴിവുകളെക്കുറിച്ചും സ്വന്തംകാലിൽ നിൽക്കാനുള്ള നമ്മുടെ ശക്തിയാണ്.

നമ്മുടെ ശത്രുക്കൾക്ക് ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെ കഴിവിനെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു, നമ്മൾ സ്വാശ്രയരല്ലായിരുന്നുവെങ്കിൽ, ഓപ്പറേഷൻ സിന്ദൂർ ഇത്രയും വിജയകരമാക്കാൻ കഴിയുമായിരുന്നോ എന്ന് ചിന്തിക്കുക? സെമിണ്ടക്ടർ മേഖലയിൽ നമ്മൾ പുതിയ മോഡൽ ദൗത്യത്തിൽ പ്രവർത്തിക്കുന്നു, ഭാരതത്തിൽ നിർമ്മിച്ച ചിപ്പുകൾ ഈ വർഷം ഒടുവോടെ വിപണിയിലെത്തും.
രാജ്യത്തെ ഊർജ്ജത്തിൽ സ്വയംപര്യാപ്തമാക്കാൻ ഞങ്ങൾ തീരുമാനിച്ചു; സൗരോർജ്ജം, ഹൈഡ്രജൻ, ആണവ മേഖലകളിൽ നിരവധി സംരംഭങ്ങൾ സ്വീകരിക്കുന്നു. ഭാരതം ഇപ്പോൾ ആണവോർജ്ജത്തിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ദിശയിൽ നാം സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, നിലവിൽ 10 പുതിയ ആണവ റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. ഭാരതം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോഴേക്കും, നമ്മുടെ ആണവോർജ്ജ ശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്ഥാന് ഉറക്കം നഷ്ടപ്പെട്ടു. ഭാരതം ഗഗൻയാൻ ദൗത്യത്തിൽ സജീവമായി പ്രവർത്തിക്കുകയും സ്വന്തമായി ബഹിരാകാശ നിലയം ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ വിധി മാറ്റാൻ നമ്മൾ ഒന്നിക്കണം. യുവാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു: മുന്നോട്ട് വന്ന് ദേശീയ പരിവർത്തനത്തിന്റെ ഈ ദൗത്യത്തിന് സംഭാവന നൽകുക.

ലോകം ഗുണനിലവാരത്തെ വിലമതിക്കുന്നു, ആഗോള വിപണിയിൽ ഭാരതത്തിന്റെ പ്രതിച്ഛായ ശക്തിപ്പെടുത്തണമെങ്കിൽ, ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കണം. ‘ദാം കം, ദം സ്യാദ’, (കുറഞ്ഞ ചെലവ്, ഉയർന്ന മൂല്യം) എന്ന മന്ത്രത്തോടെ നാം പ്രവർത്തിക്കണം. നമ്മുടെ സ്വാതന്ത്ര്യം വലിയ ത്യാഗത്തിലൂടെയാണ് ഉണ്ടായത്. ഒരു രാഷ്‌ട്രം മുഴുവൻ ജീവിക്കുകയും സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്ത ആ വർഷങ്ങളെ ഓർക്കുക. അവരുടെ സമർപ്പണം നമുക്ക് സ്വാതന്ത്ര്യം നൽകി. ഇന്ന്, നമ്മുടെ മന്ത്രം ‘സമൃദ്ധ് ഭാരത്’, (സമ്പന്നമായ ഭാരതം) എന്നതായിരിക്കണം. നമ്മൾ തദ്ദേശീയർക്ക് വേണ്ടി ശബ്ദമുയർത്തുന്നത് തുടർന്നാൽ, നമ്മൾ അഭിവൃദ്ധി കൈവരിക്കും. മുൻ തലമുറ നമുക്ക് സ്വാതന്ത്ര്യം നൽകി; ഭാരതത്തെ യഥാർത്ഥത്തിൽ സമ്പന്നമാക്കാൻ ഈ തലമുറ പ്രതിജ്ഞാബദ്ധരാകണം.’
‘നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ‘സ്വതന്ത്ര ഭാരതം’ വിഭാവനം ചെയ്തതുപോലെ, ഒരു ‘സമർത്ഥ’ (ശക്തമായ) ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദൃഢനിശ്ചയം എടുക്കാൻ ദിവസം ഒരു മണിക്കൂർ മാറ്റിവെക്കേണ്ടത് ആവശ്യമാണ്. അടുത്ത ഘട്ടം ജിഎസ്ടി പരിഷ്‌കരണം വരുന്നു, അത് ദീപാവലി ദിനത്തിൽ ഒരു സമ്മാനമായിരിക്കും, പൊതുവായതും വ്യക്തിഗതവുമായ ആവശ്യകത സേവനങ്ങളുടെ നികുതി ഗണ്യമായി കുറയ്‌ക്കും. ചെറുകിട സംരംഭങ്ങക്ക് പ്രയോജനം ലഭിക്കും, ഇത് സമ്പദ്വ്യവസ്ഥയെയും സഹായിക്കും. ഇന്ന്, ആഗസ്ത് 15 ന്, ഒരു ലക്ഷം കോടി രൂപയുടെ ഒരു ചരിത്രപ്രധാന പദ്ധതിയായ പ്രധാൻ മന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന സർക്കാർ ആരംഭിക്കുകയാണ്. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന വ്യക്തികൾക്ക് പിന്തുണയായി സർക്കാർ 15,000 രൂപ നൽകും. ഈ സംരംഭം രാജ്യത്തുടനീളം 3.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.