തിരുവനന്തപുരം: ബിജെപി ലക്ഷ്യമിടുന്നത് വികസിത കേരളമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിപിഎം അണികളുടെയും ബിജെപി നാടിന്റെ വികസനവും ലക്ഷ്യമിടുന്നെന്ന് പറഞ്ഞ അദ്ദേഹം വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പദ്ധതികളിൽ വിവേചനമില്ലാത്ത നടപടികൾ ഉണ്ടാകും. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിന്റെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. ദക്ഷിണ ഭാരതം വികസിക്കാതെ വികസിത ഭാരതം സാധ്യമല്ല. ബിജെപി ഉത്തര ഭാരതത്തിന്റെ പാർട്ടിയെന്നാണ് ഇവിടെ ഇടത്, വലത് മുന്നണികൾ പറയുന്നത്. എന്നാൽ വളരുന്ന പാർട്ടിയല്ല കരുത്തറിയിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അമിത് ഷാ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കാര്യാലയം ഉദ്‌ഘാടനവും വാർഡ് തല നേതൃസംഗമവും ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേരളത്തിലെ ഓരോ ബൂത്തിലും ബിജെപി ശക്തമായ പാർട്ടിയായി മാറിക്കഴിഞ്ഞു. ബിജെപിക്ക് 2011ൽ 11 ശതമാനം വോട്ട് നൽകിയെങ്കിൽ 2024ൽ 20 ശതമാനമായി ഉയർന്നു. ഈ കണക്കുകൾ നൽകുന്നത് ശുഭസൂചനയാണ്. വരാൻ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 21,000 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അതിൽ 25 ശതമാനത്തിൽ അധികം വോട്ടുകൾ നേടുമെന്നും അമിത്ഷാ പറഞ്ഞു.

വോട്ടു ബാങ്ക് രാഷ്‌ട്രീയമാണ് ഇടത്, വലത് മുന്നണികളുടെ ശൈലി. എന്നാൽ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിന്റെ വികസനത്തിനാണ് ബിജെപി മുൻ തൂക്കം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിച്ച എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ വ്യത്യസ്തരല്ലെന്ന് പറഞ്ഞ അമിത് ഷാ, മോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്ന് പറഞ്ഞു. സ്വർണക്കടത്ത് ആരോപണം ആവർത്തിച്ച അദ്ദേഹം പിണറായി വിജയൻ സ്റ്റേറ്റ് സ്പോൺസേർഡ് അഴിമതി നടത്തിയെന്ന് ആരോപിച്ചു.
അടുത്ത വർഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ അഭിമാന പദ്ധതികൾ ഉയർത്തിക്കാട്ടി വികസനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം 3700 കോടിയുടെ റെയിൽ വികസനം കേരളത്തിൽ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

ബിജെപി സംസ്ഥാന ആസ്ഥാനമായ കെ.ജി. മാരാർ ഭവന്റെ ഉദ്ഘാടനം പാർട്ടി ആസ്ഥാനത്ത് ഭവ്യമായ ചടങ്ങായപ്പോൾ വിളിപ്പാടകലെ ചരിത്രപ്രസിദ്ധമായ പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകർ ഉദ്ഘാടനം ആഘോഷമാക്കി. പ്രവർത്തക സമ്മേളന വേദിയിലും ലോകവ്യാപകമായും ഉദ്ഘാടന പരിപാടികളുടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നു. പാർട്ടി ആസ്ഥാനത്തിന്റെ ഉദ്ഘാടനവും സമ്മേളനവും അമിത് ഷായുടെ സാന്നിദ്ധ്യവും പാർട്ടി പ്രവർത്തകരിൽ പുതിയ ഊർജ്ജം പകരുന്നതായി.
മുതിർന്ന പാർട്ടി നേതാക്കൾ, പാർട്ടി തിരുവനന്തപുരം കൗൺസിലർമാർ, പൗര പ്രമുഖർ, വിശിഷ്ട വ്യക്തികൾ, കെട്ടിടത്തിന്റെ നിർമ്മാണ ജോലികളിൽ പങ്കുവഹിച്ചവർ, പാർട്ടി പ്രവർത്തകർ എന്നിങ്ങനെ വൻ നിര ഉദ്ഘാടന സ്ഥലത്ത് സന്നിഹിതരായിരുന്നു.
കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ,പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അദ്ധ്യക്ഷന്മാരായ കെ.സുരേന്ദ്രൻ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള ആർഎസ്സ്എസ്സ് മുതിർന്ന ഭാരവാഹികളായ എസ്. സേതുമാധവൻ, എം.രാധാകൃഷ്ണൻ, ആർ. സഞ്ജയൻ തുടങ്ങിയവർ പങ്കെടുത്തു.

പാർട്ടി നേതാക്കളായ ബി.ഗോപാലകൃഷ്ണൻ, അഡ്വ. കൃഷ്ണദാസ്, ഷോൺ ജോർജ്ജ്, പി.സി. ജോർജ്ജ്, എ.പി. അബ്ദുള്ളക്കുട്ടി, പ്രൊഫ.വി.ടി. രമ, അഡ്വ.വി.കെ. സജീവൻ, എം.ബി. രാജഗോപാൽ, രാധാകൃഷ്ണമേനോൻ, കരമന ജയൻ, വി.വി. രാജൻ, വി.വി. രാജേഷ്, എസ്. സുരേഷ്, പ്രകാശ് ജാവ്‌ദേക്കർ, അപരാജിത സാരംഗി, തുഷാർ വെള്ളാപ്പള്ളി, മേജർ രവി, ദേവൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, സി. കൃഷ്ണകുമാർ തുടങ്ങിയവർ ഉണ്ടായിരുന്നു.