പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ  വകുപ്പ്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിക്കുന്നു. പ്രകൃതിയിൽ ക്രമാതീതമായി വർദ്ധിക്കുന്ന കാർബൺ എമ്മിഷന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്കിടയിലാണ് പരിപാടി സംഘടിപ്പിക്കുക.

ജൂൺ 5 ന് ഓഫീസുകളിലേയ്ക്കുള്ള യാത്രയ്ക്കായി പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക, സ്വകാര്യ വാഹനത്തിൽ ഒറ്റയ്ക്ക് ഓഫീസിൽ വരുന്നവർ സഹപ്രവർത്തകരുമായി ഒരുമിച്ച് വെഹിക്കിൾ പൂളിംഗ് സംവിധാനം ഉപയോഗപ്പെടുത്തുക, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്നും ഒരു വാഹനത്തിൽ ഓഫീസിൽ എത്തുന്നതിനുള്ള കമ്മ്യൂണിറ്റി പൂളിംഗ് സൈക്കിൾ, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, എസി, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ അമിതമായ ഉപയോഗം കുറയ്ക്കുക തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാണ് തദ്ദേശ വകുപ്പ് മുന്നോട്ട് വച്ചിട്ടുള്ളത്.

ഗ്രീൻ കേരള റൈഡിന്റെ പ്രധാന ആശയങ്ങളിൽ ഒന്നായ കമ്മ്യൂണിറ്റി പൂളിംഗിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി നന്തൻകോടുള്ള എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ്  ഓഫീസിലേക്ക് എത്തുന്ന നാൽപ്പതിൽ അധികം ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി യുമായി സഹകരിച്ച് രാവിലെയും വൈകുന്നേരവും ഇലക്ട്രിക് ബസിന്റെ പ്രത്യേക സർവീസും ക്രമീകരിച്ചിട്ടുണ്ട്.

പരിപാടിയുടെ ഭാഗമായി വ്യക്തി, ഗ്രൂപ്പ്, സ്ഥാപനം എന്നീ കാറ്റഗറിയിൽ ഏറ്റവും മികച്ച മാതൃക പിന്തുടരുന്നവർക്ക് പ്രത്യേക അനുമോദനവും സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.  കാമ്പെയിനിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം ചെയ്യുന്ന മാതൃകയുടെ ആശയം വ്യക്തമാക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ #greenkeralaride എന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്യേണ്ടതാണ്.

One thought on “പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ  വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!