പത്തനംതിട്ട: ജില്ലയിൽ ലഹരിയുത്പന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി അന്തർ സംസ്ഥാനതൊഴിലാളി ക്യാമ്പുകളിൽ പോലീസും എക്സൈസും ചേർന്ന് ഒരു ദിനം നീണ്ട പ്രത്യേക പരിശോധന നടന്നു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന 180 ഓളം ക്യാന്പുകളിലാണ് പരിശോധന നടന്നത്. 48 കേസുകളിലായി 48 പേരെ പിടികൂടി.
പ്രാദേശിക പോലീസ് സംഘത്തോടൊപ്പം ഡാൻസാഫ് സംഘവും റെയ്ഡുകളിൽ പങ്കെടുത്തു. ക്ലീൻ സ്ലേറ്റ് എന്ന പേരിലാണ് സംയുക്ത പരിശോധന നടന്നത്.
ജില്ലയിലെ പ്രധാന അതിഥി തൊഴിലാളി പ്രദേശങ്ങളായ കണ്ണങ്കര, കുന്നന്താനം, പഴകുളം, തിരുവല്ല, വള്ളംകുളം, കുമ്പഴ, ഏനാത്ത്,കടമ്പനാട്, മണ്ണടിശാല, ഇടമൺ, കോട്ടാങ്ങൽ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയ്ക്ക് പത്തനംതിട്ട കെ 9 ഡോഗ് സ്ക്വാഡിന്റെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു. എക്സൈസിലെയും പോലീസിലെയും സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പത്തനംതിട്ടയിലെ പരിശോധനയിൽ ഡിവൈഎസ്പി എസ്. നന്ദുകുമാറും പങ്കെടുത്തു.
പരിശോധനയ്ക്കിടെ 1.100 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ആറന്മുളയിലെ ഇയാളുടെ താമസസ്ഥലത്തു നിന്നും പിടികൂടിയിരുന്നു. പത്തനംതിട്ട പോലീസ് ഒരാളെ 10 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.
വിവിധയിടങ്ങളിലായി 1085 പേരെയാണ് പരിശോധിച്ചത്. നിരോധിത പുകയില ഉത്പന്നങ്ങളുമായും കഞ്ചാവ് ഉപയോഗത്തിനും വില്പനയ്ക്ക് കൈവശം വച്ചതിനും ഉൾപ്പെടെയാണ് കേസുകൾ. 63 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് പരിശോധനയിൽ കണ്ടെടുത്തത്.
കഞ്ചാവ് ബീഡി വലിച്ചതിന് 11 കേസുകളും നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചതിന് 35 കേസുകളും, കഞ്ചാവ് വിൽപനയ്ക്കായി കൈയിൽ വച്ചതിനു രണ്ടു കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.122 പാൻ മസാല, 420 ഹാൻസ്, 29 കൂൾ ലിപ്സ് എന്നിങ്ങനെ നിരോധിത പുകയില ഉത്പന്ന പായ്ക്കറ്റുകൾ അതിഥി തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്തു. ലഹരിവിപത്തിനെതിരേ ബഹുമുഖ നിയമനടപടികൾ തുടരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പത്തനംതിട്ട തൈക്കാവ് സ്കൂളിനടുത്തുനിന്ന് യുവാവിനെ പത്തനംതിട്ട പോലീസ് 10 ഗ്രാം കഞ്ചാവുമായി പിടികൂടി. പേട്ട കിഴക്കുവീട്ടിൽ ഷാരൂഖ് ഷജീബാണ് (21) പിടിയിലായത്. പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ സിപ് ലോക്ക് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. ലഹരി ഉപയോഗിച്ച നിലയിൽ കണ്ട ഇയാൾ, കഞ്ചാവ് വില്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പോലീസിനോട് സമ്മതിച്ചു. പോലീസ് സംഘത്തെ കണ്ട് ഓടാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുപിടികൂടുകയായിരുന്നു. എസ്ഐ കെ. ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. സിപിഒ ശ്രീലാലും ഒപ്പമുണ്ടായിരുന്നു.
എക്സൈസ് പരിശോധനയിൽ കണ്ണങ്കര അതിഥി തൊഴിലാളി ക്യാമ്പിൽ നിന്നും 12 ഗ്രാം കഞ്ചാവ് കണ്ടെടുത്ത് പശ്ചിമ ബംഗാള് സ്വദേശിയായ മുഖാരി (29) മിനെ അറസ്റ്റ് ചെയ്തു.
