എരുമേലി :
വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യ ജീവനും, കൃഷിയും സംരക്ഷിക്കുന്നതിന് വേണ്ടി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വനമേഖലയുമായി ബന്ധപ്പെട്ട് സമ്പൂർണ്ണ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവർത്തി അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
കോരുത്തോട്, എരുമേലി, മുണ്ടക്കയം എന്നീ പഞ്ചായത്തുകളിലായി ഏകദേശം 30 കിലോമീറ്റർ ദൂരത്തിലാണ് ജനവാസ മേഖലയുമായി വനാതിർത്തി ഉള്ളത്. ഈ പ്രദേശം പൂർണമായും കിടങ്ങ്,ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ് എന്നിവ ഉപയോഗിച്ച് പൂർണമായും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനുവേണ്ടി 7.34 കോടി രൂപ അനുവദിച്ച് നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ ഒരേസമയം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര,കോയിക്കക്കാവ് , പാക്കാനം,കാരിശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ് , കിടങ്ങ് എന്നിവയുടെ നിർമ്മാണങ്ങൾ നടന്നുവരുന്ന പ്രദേശങ്ങൾഎം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ച് നിർമ്മാണ പ്രവർത്തന പുരോഗതി വിലയിരുത്തി . ഈ പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടുകൂടി ഒരു നിയോജക മണ്ഡലത്തിന്റെ വനാതിർത്തി പൂർണ്ണമായും സുരക്ഷിതത്വ സംവിധാനങ്ങൾ ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുകയാണന്ന് എം എൽ എ പറഞ്ഞു .
ഇതോടൊപ്പം മനുഷ്യ- വന്യജീവി സംഘർഷ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാവണമെങ്കിൽ 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയും, അതോടൊപ്പം വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് കേന്ദ്ര സഹായം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം )ചെയർമാൻ ജോസ് കെ. മാണി എം.പിയുടെ നേതൃത്വത്തിൽ ഞാൻ ഉൾപ്പെടെ പാർട്ടിയുടെ എംഎൽഎമാർ ഈ മാസം 27ആം തീയതി ഡൽഹിയിൽ പാർലമെന്റിനു മുന്നിൽ ധർണ്ണ നടത്തുന്നതാണെന്നും എം എൽ എ പറഞ്ഞു . ഇതിനു മുന്നോടിയായി 14,15 തീയതികളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടക്കും . വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യജീവനും, കൃഷിയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി എല്ലാ പ്രകാരത്തിലും ഉള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു .ഫോറെസ്റ്റ് ഉദ്യോഗസ്ഥരും കേരളാ കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി , പി ടി അശോക്‌കുമാർ ,സുശീൽ കുമാർ ,ലില്ലിക്കുട്ടി ബാബു ,ലിജു ജോർജ് ,അമൽ കൃഷ്ണ എന്നിവരും ഒപ്പമുണ്ടായിരുന്നു .

