മുണ്ടക്കയം: പൂഞ്ഞാർ മണ്ഡലത്തിലെ കോരൂത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലായി 30 കിലോമീറ്ററിലധികം വരുന്ന വനാതിർത്തി പൂർണമായും കിടങ്ങ്, ഹാങ്ങിംഗ് ഫെൻസിംഗ്, സോളാർ ഫെൻസിംഗ് എന്നിവ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുവേണ്ടി 7.34 കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, കണ്ണാട്ട്കവല, പന്നിവെട്ടുംപാറ, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലെ മഞ്ഞളരുവി, കുളമാക്കൽ, മമ്പാടി, പാക്കാനം തുടങ്ങി വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കിടങ്ങ് കുഴിക്കും. അവശേഷിക്കുന്ന വനമേഖല പ്രദേശങ്ങളായ മതമ്പ, കോയിക്കകാവ്, പായസപ്പടി, 504 കോളനി, കുഴിമാവ്, കാളകെട്ടി, അഴുതക്കടവ്, 116, കണ്ടംകയം, കണമല, പമ്പാവാലി, എയ്ഞ്ചൽവാലി, എലിവാലിക്കര, എരുത്വപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ ഹാങ്ങിംഗ് ഫെൻസിംഗ്, സോളാർ ഫെൻസിംഗ് തുടങ്ങിലയവ സ്ഥാപിക്കും.കിടങ്ങുകൾ കുഴിക്കുന്നത് മുകൾഭാഗത്ത് രണ്ടര മീറ്റർ വീതിയിലും താഴേക്ക് രണ്ടര മീറ്റർ താഴ്ചയിലുമാണ്. 12 മീറ്റർ അകലത്തിൽ പോസ്റ്റുകൾ സ്ഥാപിച്ചു. പോസ്റ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ലൈനുകളിൽനിന്നു നാലു മീറ്റർ നീളത്തിലും ഭൂമിയിൽനിന്നു ഒരടി ഉയരത്തിലുമാണ് ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നത്.സംസ്ഥാന വനംവകുപ്പിന്റെ പ്ലാൻ ഫണ്ട്, നബാർഡ് ധനസഹായം, കൃഷിവകുപ്പിന്റെ ആർകെവിവൈ പദ്ധതി പ്രകാരമുള്ള ധനസഹായം എന്നിങ്ങനെയാണ് ഏഴു കോടി രൂപ ലഭ്യമാക്കുന്നത്.