പത്തനംതിട്ടയിൽ മരിച്ച പ്ലസ്ടു വിദ്യാർത്ഥിനിയുടെ ഗർഭസ്ഥശിശു സഹപാഠിയുടേത്; ഡിഎൻഎ ഫലം പുറത്ത്

പത്തനംതിട്ട : പനി ബാധിച്ച് മരിച്ച പ്ളസ്ടു വിദ്യാർത്ഥിനിയുടെ ഗർഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയാണെന്ന് ഡിഎൻഎ ഫലം. പെൺകുട്ടിയുടെ മരണശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ അഖിലിനെ (18) പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അവിടെ എത്തി ലെെംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും സഹപാഠി പൊലീസിന് മൊഴി നൽകി. പ്രതിക്ക് പ്രായപൂർത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വെെകിട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയിൽ ഹാജരാക്കും.മരിച്ച 17കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. പനി ബാധിച്ച പെൺകുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നവംബർ 22ാം തീയതിയാണ് പെൺകുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യം പെൺകുട്ടി മറച്ചുവച്ചതാണെന്നും പൊലീസ് കരുതുന്നു. പെൺകുട്ടി ഗർഭിണിയായിരുന്നെന്ന് ബന്ധുക്കൾക്കും അറിവുണ്ടായിരുന്നില്ല എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!