ഹൈദരാബാദ് : സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ കേരളം ഇന്ന് മൂന്നാം മത്സരത്തിന് ഇറങ്ങുന്നു. രാവിലെ ഒമ്പതിന് ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ ഒഡിഷയെ നേരിടും. ആദ്യകളിയിൽ ഗോവയെയും രണ്ടാംമത്സരത്തിൽ മേഘാലയയെയും മറികടന്ന കേരളത്തിന് ഇന്ന് ജയിക്കാനായാൽ അവസാന എട്ടിൽ ഇടംപിടിക്കാം.മേഘാലയയ്‌ക്കെതിരെ വിങ്ങുകൾ കേന്ദ്രീകരിച്ചാണ് കേരളം കളിമെനഞ്ഞത്. ഒഡിഷയ്‌ക്കെതിരെ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മുന്നേറ്റനിരയിൽ ഗനി അഹമ്മദ് നിഗം മികവിലേക്ക് ഉയരേണ്ടതുണ്ട്. ഗനി ആദ്യ പതിനൊന്നിൽ തുടർന്നേക്കും. മികച്ച ഫോമിലുള്ള മുഹമ്മദ് അജ്‌സലിലാണ് പ്രതീക്ഷ. ആദ്യകളിയിൽ ഒരുഗോൾ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌ത അജ്‌സൽ രണ്ടാംമത്സരത്തിലെ വിജയഗോളും നേടി. വിങ്ങുകളിൽ മുഹമ്മദ് റിയാസും നിജോ ഗിൽബർട്ടും തുടരും. മധ്യനിരയിൽ ക്രിസ്റ്റി ഡേവിസിന്റെ സ്ഥാനം ഉറപ്പാണ്. ആദ്യകളിയിൽ സമ്മർദത്തിന് അടിപ്പെട്ട് പിഴവുകൾ വരുത്തിയ പ്രതിരോധനിര മേഘാലയയ്‌ക്കെതിരെ ഒത്തിണക്കത്തോടെ പന്ത് തട്ടിയതും ആശ്വാസമാണ്. ടീമിൽ നിലവിൽ പരിക്കിന്റെ പ്രശ്‌നങ്ങളില്ല.