എരുമേലി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ വാർഡുകളുടെ രൂപീകരണം നടത്തി കരട് പ്രസിദ്ധീകരിച്ചതിൽ 23 വാർഡുണ്ടായിരുന്ന എരുമേലി ഗ്രാമപ്പഞ്ചായത്തിൽ ഒരു വാർഡ് കൂടി 24 വാർഡായി. മണിപ്പുഴയാണ് പുതിയതായി രൂപവത്കരിച്ച വാർഡ്. എരുമേലി ടൗൺ വാർഡിൽ നിന്നും 250 വീട്, ശ്രീനിപുരം വാർഡിന്റെ 250-ഓളം വീടുകളും, കനകപ്പലം വാർഡിലെ 100-ഓളം വീടുകളും ഉൾപ്പെടുത്തിയാണ് പുതിയ മണിപ്പുഴ വാർഡ് രൂപവത്കരിച്ചത്. 20-ആണ് വാർഡ് നമ്പർ. വാർഡുകളുടെ നമ്പരുകളും മാറി. നേർച്ചപ്പാറ വാർഡിൽനിന്നും വാഴക്കാല വാർഡിലേക്ക് 150-ഓളം വീടുകൾ മാറ്റി. ഒഴക്കനാട് വാർഡിലെ 100 വീടുകൾ കനകപ്പലം വാർഡിലും, 100 വീടോളം പൊര്യൻമലയ്ക്കും മാറ്റി. മുക്കൂട്ടുതറ വാർഡിൽനിന്നും 200-ഓളം വീടുകൾ മുട്ടപ്പള്ളി, എലിവാലിക്കര വാർഡുകളിലേക്ക് മാറ്റി. തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം. സീറ്റ് നിലനിർത്തുന്നതാണ് ശ്രീനിപുരം വാർഡ്. ഇതുപോലെ കോൺഗ്രസ് കൈപ്പിടിയിലാണ് കനകപ്പലം വാർഡ്. ഇവിടങ്ങളിൽ നിന്നുമാണ് 350-ഓളം വീടുകൾ വേർപെടുത്തിയാണ് മണിപ്പുഴ പുതിയ വാർഡാകുന്നത്. നേർച്ചപ്പാറ, വാഴക്കാലാ വാർഡുകൾ ഇടതിന്റെ മേൽക്കൈയ്യുള്ള ഇടമായതിനാൽ കൂട്ടിച്ചേർക്കലുകൾ പ്രതിസന്ധിയാകില്ലെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഒഴക്കനാടും കനകപ്പലവും യു.ഡി.എഫ്. വിജയിച്ച വാർഡുകളാണ്. രണ്ട് വാർഡുകളിൽ നിന്നായി 200-ഓളം വീടുകളാണ് പൊര്യൻമല വാർഡിലാവുന്നത്. കോൺഗ്രസ് വിജയിച്ച മുക്കൂട്ടുതറവാർഡിൽ നിന്നും 200-ഓളം വീടുകളാണ് സി.പി.എം വിജയിച്ച എലിവാലിക്കര, മുട്ടപ്പള്ളി വാർഡുകളിലേക്ക് മാറിയത്.