കോട്ടയം: കന്നുകാലി വന്ധ്യതാ നിവാരണ മേഖലാ റഫറൽകേന്ദ്രത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനംതലയോലപ്പറമ്പ്
ലൈവ്‌സ്റ്റോക്ക് ഫെർട്ടിലിറ്റി മാനേജ്മന്റ് സെന്റർ ക്യാമ്പസിൽ
ബുധനാഴ്ച(ഒക്‌ടോബർ 16) ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് മൃഗസംരക്ഷണം, ക്ഷീരവികസനം,
മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സി.കെ. ആശ എം.എൽ.എ.
ചടങ്ങിൽ അധ്യക്ഷയായിരിക്കും. പാലുൽപാദനത്തിൽ സ്വയം പര്യാപ്തത എന്ന
ലക്ഷ്യത്തോടുകൂടി കേരള ലൈവ് സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിലൂടെ
കേന്ദ്ര-സംസ്ഥാന സംയോജിതപദ്ധതിയായി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ്
മേഖലാ കന്നുകാലി വന്ധ്യതാ നിവാരണ (റഫറൽ) കേന്ദ്രം. പ്രാരംഭഘട്ടത്തിൽ
കൊല്ലം ജില്ലയിലെ ചിതറയിലും കോട്ടയം ജില്ലയിലെ തലയോലപറമ്പിലെയും വെറ്ററിനറി
സെന്ററുകളുടെ കീഴിൽ വരുന്ന കർഷകർക്കാണ് ഈ പദ്ധതി ലഭ്യമാകുന്നത്.
ഭ്രൂണമാറ്റ പ്രക്രിയയിലൂടെ മുന്തിയ ഇനം പശുക്കുട്ടികളെ
ഉൽപാദിപ്പിക്കുന്നതിനു വേണ്ടി അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ
സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും ഈ കേന്ദ്രങ്ങളിൽ
ഒരുക്കിയിട്ടുണ്ട്. വന്ധ്യതയുമായി ബന്ധപ്പെട്ട് വെറ്ററനറി ഡോക്ടർ റഫർ
ചെയ്ത കേസുകളാണ് ഇവിടെ പരിഗണിക്കുന്നത്. രോഗനിർണയത്തിനും ചികിത്സയ്ക്കും
അത്യാധുനിക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. സഞ്ചരിക്കുന്ന ഭ്രൂണമാറ്റ
ലബോറട്ടറികളുടെയും ഭ്രൂണമാറ്റ ഐ.വി.എഫ് സാങ്കേതിക വിദ്യകളുടെയും സേവനം
ക്ഷീരകർഷകർക്ക് വീട്ടുപടിക്കൽ ലഭ്യമാക്കും. മേഖലയുമായി ബന്ധപ്പെട്ടു
പ്രവർത്തിക്കുന്ന ഡോക്ടർമാർക്കു വിദഗ്ധ പരിശീലനവും നൽകും.ഉദ്ഘാടനസമ്മേളനത്തിൽ
കേരളത്തിലെ കന്നുകാലി പ്രജനന നയത്തിന് സമഗ്ര സംഭാവന നൽകിയ ജനിതക
ശാസ്ത്രജ്ഞനും കെ.എൽ.ഡി. ബോർഡ് മുൻ മാനേജിങ് ഡയറക്ടറുമായ ഡോ. സി.ടി.
ചാക്കോയെ ആദരിക്കും. കെ.എൽ.ഡി.ബി. ചെയർമാനും സെക്രട്ടറിയുമായ പ്രണബ്
ജ്യോതി നാഥ് പദ്ധതി വിശദീകരണം നിർവഹിക്കും. കെ.എൽ.ഡി. ബോർഡ് മാനേജിങ്
ഡയറക്ടർ ഡോ. ആർ. രാജീവ്, വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.
രഞ്ജിത്ത്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, വൈസ്
പ്രസിഡന്റ് ലിസമ്മ ജോസഫ്. ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി,
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ടി. ജയമ്മ,
കെ.പി. ഷാനോ, ഗ്രാമപഞ്ചായത്തംഗം ഷിജി വിൻസെന്റ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ
ഡോ. കെ.ആർ. സജീവ്കുമാർ, തലയോലപ്പറമ്പ് ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ്
ട്രെയിനിങ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഹേമ, ഡോ. കിരൺദാസ്,
കെ.്എൽ.ഡി.ബി. ജനറൽ മാനേജർ ഡോ. ടി. സജീവ്കുമാർ വൈക്കം ബ്‌ളോക്ക്
എക്‌സ്‌റ്റെൻഷൻ ഓഫീസർ വി. സുനിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.
സെൽവരാജ്, സാബു പി. മണലോടി, ദേവരാജൻ, ആന്റണി കലമ്പുകാട്, ജോയി
കൊച്ചാനപ്പറമ്പിൽ, വി.പി. സജീവൻ, പി.എ. മാഹിൻ എന്നിവർ പ്രസംഗിക്കും.തുടർന്നു
‘കിടാരികളുടേയും പശുക്കളിലേയും പ്രത്യുൽപ്പാദന പരിപാലന മാർഗ്ഗങ്ങളുടെ
പ്രാധാന്യം’ എന്ന വിഷയത്തിൽ മണ്ണുത്തി വെറ്ററിനറി കോളജ് അനിമൽ റീപ്രോഡക്ഷൻ
വകുപ്പ് മുൻ മേധാവി ഡോ. അരവിന്ദ് ഘോഷ്, ‘പശുക്കളിലെ വന്ധ്യതയും, നിവാരണ മാർഗ്ഗങ്ങളും’ എന്ന വിഷയത്തിൽ ഭ്രൂണമാറ്റ
സാങ്കേതിക വിദ്യകളുടെ സാധ്യതകളും എന്ന വിഷയത്തിൽ കെ.എൽ.ഡി.ബിയിലെ ഡോ.
അവിനാശ് കുമാർ, ഡോ. പ്രവീൺ കുമാർ എന്നിവർ നയിക്കുന്ന ക്ഷീരകർഷക
സെമിനാറുകളും നടക്കും.