തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ. അജിത്കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംഭവത്തിൽ ഡിജിപിക്ക് അന്വേഷണത്തിന് നിർദേശം നൽകി സർക്കാർ ഉത്തരവിറക്കി.രണ്ടു പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് അന്വേഷണം നടക്കുക. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.ആരോപണം വന്ന് ഇരുപത് ദിവസത്തിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പടെ തള്ളിയ മുഖ്യമന്ത്രി എഡിജിപിക്കെതിരെ ഇപ്പോൾ നടപടിയില്ലെന്നും അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം നടപടി സ്വീകരിക്കുമെന്നുമാണ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്.