നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഇനി ആറു നാൾ കാത്തിരിപ്പ് കൂടി

ആലപ്പുഴ : ജലരാജക്കാൻമാരുടെ തേരോട്ടത്തിന്‌ ഇനി ആറുനാളിന്റെ കാത്തിരിപ്പ്‌ മാത്രം. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആതിഥേയത്വമരുളാൻ തയ്യാറെടുക്കുകയാണ്‌ പുന്നമട. താൽക്കാലിക പവലിയന്റെയും പന്തലിന്റെയും സ്‍‍‍റ്റാർട്ടിങ്‌ പോയിന്റിൽ വള്ളങ്ങൾ നിരയായി നിർത്തുന്നതിനുള്ള ചേമ്പറുകളുടെയും നിർമാണം അതിവേഗം പുരോഗമിക്കുന്നു. 25നുള്ളിൽ അടിസ്ഥാനസൗകര്യങ്ങളുടെ നിർമാണം പൂർത്തിയാക്കും. യന്ത്രവൽകൃത സ്‌റ്റാർട്ടിങ്‌, ഫോട്ടോ ഫിനിഷിങ്‌ സംവിധാനങ്ങൾ പിന്നാലെ സജ്ജമാക്കും. മത്സരദിവസം പുന്നമടയിലേക്ക്‌ എത്തുന്നവർക്കായി കൂടുതൽ ബസുകളും ബോട്ടുകളും ഏർപ്പെടുത്തും. 

19 ചുണ്ടൻവള്ളവും 54 ചെറുവള്ളവും ഉൾപ്പെടെ 73 വള്ളമാണ്‌ ഇക്കുറി പുന്നമടയിൽ പോരിനിറങ്ങുക. ഇരുട്ടുകുത്തി എ വിഭാഗത്തിൽ നാലും ബി വിഭാഗത്തിൽ 16 വള്ളവും സി വിഭാഗത്തിൽ 14 വള്ളവും രജിസ്‌റ്റർ ചെയ്‌തു. ചുരുളന്‍ –- മൂന്ന്‌, വെപ്പ് എ – –ഏഴ്‌, വെപ്പ് ബി- –- നാല്‌, തെക്കനോടി തറ- – -മൂന്ന്‌, തെക്കനോടി കെട്ട് –- മൂന്ന്‌ എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. കഴിഞ്ഞവർഷം 19 ചുണ്ടൻവള്ളം ഉൾപ്പെടെ 72 വള്ളമാണ്‌ നെഹ്‌റുട്രോഫിയിൽ മത്സരിച്ചത്‌. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ്‌ ആദ്യം. ഉച്ചയ്‌ക്കുശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ്‌ മത്സരങ്ങൾ നടക്കും. പിന്നീട്‌ ചെറുവള്ളങ്ങളുടെ ഫൈനലും ശേഷം നട്ടായത്തിൽ തീപടർത്തി ചുണ്ടൻവള്ളങ്ങളുടെ ഫൈനൽമത്സരവും നടക്കും. അഞ്ച്‌ ഹീറ്റ്‌സിലായാണ്‌ ചുണ്ടൻവള്ളങ്ങളുടെ മത്സരം. ആദ്യ നാല്‌ ഹീറ്റ്‌സിൽ നാല്‌ വള്ളവും അഞ്ചാം ഹീറ്റ്‌സിൽ മൂന്ന്‌ വള്ളവും. അഞ്ച്‌ ഹീറ്റ്‌സുകളിലായി എറ്റവും മികച്ച സമയത്തിൽ ഫിനിഷ്‌ ചെയ്യുന്ന അഞ്ച്‌ ചുണ്ടൻവള്ളം ഫൈനലിൽ മത്സരിക്കും. ചെറുവള്ളങ്ങളുടെ മത്സരത്തിലും സമയത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിജയിയെ നിശ്ചയിക്കുന്നത്‌. 

error: Content is protected !!