എരുമേലി: പഞ്ചായത്തിലെ തകർന്ന റോഡുകളും പാലങ്ങളും പുനർ നിർമിക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്തംഗം വി.ഐ. അജി അറിയിച്ചു.ഇതിന്റെ ഭാഗമായാണ് വാർഡ് അംഗം ജെസ്ന നജീബ് നൽകിയ നിവേദനത്തെ തുടർന്ന് ആമക്കുന്ന് പാലത്തിന്റെ നിർമാണത്തിന് 80 ലക്ഷം രൂപ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുള്ളത്.എരുമേലി ഇളപ്പുങ്കൽ റോട്ടറി ക്ലബ് വെയ്റ്റിംഗ് ഷെഡിനു സമീപത്തെ പാലം പുനർ നിർമിക്കാനും ഒഴക്കനാട്, ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പടെ പഞ്ചായത്തിലെ തകർന്ന വിവിധ റോഡുകൾ പുനർ നിർമിക്കാനും നടപടികൾ സ്വീകരിച്ചു വരികയാണ്.മുൻഗണനാക്രമത്തിൽ ഇതുസംബന്ധിച്ച് പദ്ധതികൾ നടപ്പിലാക്കുന്നതിന് കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് നായനാർ ഭവനിൽ ചേർന്ന ഇടതുമുന്നണി നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.പഞ്ചായത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ വിശകലനവും യോഗത്തിൽ നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ്, സിപിഎം നേതാക്കളായ കെ.സി. ജോർജ്കുട്ടി, തങ്കമ്മ ജോർജ്കുട്ടി, ടി.എസ്. കൃഷ്ണകുമാർ, വി.ഐ. അജി, എം.വി. ഗിരീഷ്, കേരള കോൺഗ്രസ് – എം നേതാവ് ബിനോ ചാലക്കുഴി എന്നിവർ യോഗത്തിൽ പങ്കെടുത്തു

