എരുമേലി : മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങൾക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. അറബി മാസത്തിലെ റബീഉൽ അവ്വൽ 12 നാണ് നബിദിനം. റബീഉൽ അവ്വൽ ഒന്ന് മുതൽ 12 വരെ നീളുന്ന ആഘോഷ, പ്രാർത്ഥന പരിപാടികൾക്ക് ഇത്തവണ റാലികൾ ഒഴിവാക്കി പ്രാർത്ഥനകൾ മാത്രമാക്കി ചുരുക്കാനാണ് തീരുമാനം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖസൂചകമായാണ് ഇത്തവണ ആഘോഷങ്ങൾ ആർഭാടരഹിതമാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. റബീഉൽ അവ്വൽ ആദ്യദിനമായ ഇന്ന് മസ്ജിദിൽ പതാക ഉയർത്തി. അസർ നമസ്കാര ശേഷം നടത്തിയ കൊടിയേറ്റ് ജമാഅത്ത് മുത്തവല്ലി ടി എ അബ്ദുൽ ബഷീർ നിർവഹിച്ചു. ഇന്ന് മുതൽ 12 വരെ മഗ്രിബ് നമസ്കാര ശേഷം മൗലൂദ് പാരായണം നടത്തും.