പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എക്സൈസും പോലീസും ആരോഗ്യവകുപ്പും ചേർന്നു സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. മൂന്നു പെട്ടിക്കടകളിൽ നിന്നായി ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.പഞ്ചായത്ത് പരിധിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന തകൃതിയായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് ഇന്നലെ സംയുക്തമായി പരിശോധന നടത്തിയത്.ടൗണിൽ തന്നെയുള്ള മൂന്നു പെട്ടിക്കടകളിൽ നിന്നായാണ് ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രാസപദാർഥങ്ങൾ അടങ്ങിയ ലഹരി പദാർഥങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.പഞ്ചായത്തിന്റെയോ മറ്റു ബന്ധപ്പട്ട സർക്കാർ വകുപ്പുകളുടെയോ അനുമതിയില്ലാതെയായിരുന്നു പെട്ടിക്കടകൾ പ്രവർത്തിച്ചു വന്നിരുന്നത്. വിദ്യാർഥികളെയടക്കം ലക്ഷ്യമിട്ടായിരുന്നു കടകളുടെ പ്രവർത്തനം. അനധികൃതമായി പ്രവർത്തിച്ച മൂന്നു കടകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെനിന്ന് നീക്കം ചെയ്തു. കടകൾ നടത്തിയിരുന്നവർക്കെതിരേ കേസെടുക്കുന്നതിനൊപ്പം പിഴ ചുമത്തുകയും ഗ്രാമപ്രദേശങ്ങളിലേക്കു കൂടി വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ റെജി കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ലക്ഷ്മി, അഖിൽ എസ്. ശേഖർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി മാത്യു, നിയാസ് പി. ജബാർ, പൊൻകുന്നം എസ്ഐ സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ. സതീഷ്, കെ.എസ്. നിഷാന്ത്, സിപിഒ സബീർ മുഹമ്മദ്, അനിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.