പി.സി. ജോര്‍ജിന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോൺഗ്രസ്

കാഞ്ഞിരപ്പള്ളി : രാഷ്ട്രീയ പ്രവര്‍ത്തനം, ആര്‍ക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ തികച്ചും വ്യാജമായ ആരോപണങ്ങള്‍ പത്രമാധ്യമങ്ങള്‍ക്കു മുമ്പില്‍ വിളിച്ചുപറഞ്ഞ പി.സി. ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയമാണന്ന് കാഞ്ഞിരപ്പളളി രൂപത കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡന്റ് കെ. കെ. ബേബി കണ്ടത്തിൽ അറിയിച്ചു. അവസരവാദപരമായി തന്റെ ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് സഭയെ താറടിച്ചു കാണിക്കുന്ന പിസി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ പത്രക്കാര്‍ക്ക് മുമ്പില്‍ വിളിച്ച് പറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണ്. സഭയുടെ ഉടമസ്ഥാവകാശം തന്റേതെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ സംസാരരീതി. ഇത് നീതിക്ക് നിരക്കുന്ന കാര്യമല്ല.പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് തന്നെ മാനക്കേടാണ്. മാന്യതയുള്ള രാഷ്ട്രീയക്കാര്‍ക്ക് മുഴുവന്‍ അദ്ദേഹം വലിയ ഒരു നാണക്കേടാണ്. വാസ്തവവിരുദ്ധമായ അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകളെ കത്തോലിക്ക കോണ്‍ഗ്രസ് ശക്തിയുക്തം അപലപിക്കുകയും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു. ഇനിയും അത് തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും എന്നും കാഞ്ഞിരപ്പളളി രൂപത കത്തോലിക്കാ കോൺഗ്രസ്സ് ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!