പാലാ: പാലാ നിയോജകമണ്ഡലത്തിൽ യു ഡി എഫിലെ അതൃപ്തി പുകഞ്ഞ് പുകഞ്ഞ് പൊട്ടിത്തെറിയുടെ വക്കിൽ എത്തി. ഇത് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ പ്രവർത്തനത്തെയാകെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞതായിട്ടാണ് പുറത്ത് വരുന്ന വിവരം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ യു ഡി എഫ് നേതാക്കളെ വിശ്വാസത്തിലെടുക്കാത്തതാണ് അതൃപ്തി പുകയാൻ തുടക്കമിട്ടത്. ചാനൽ ചർച്ചകളിലടക്കം പങ്കെടുക്കാൻ യു ഡി എഫിലെ നേതാക്കൾക്കു പകരം സ്വതന്ത്ര കൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടത്തെയാണ് കാപ്പൻ നിയോഗിച്ചത്. ഇതോടെ മുന്നണിക്കുവേണ്ടി വർഷങ്ങളായി പണിയെടുക്കുന്ന നേതാക്കളും പ്രവർത്തകരും അപ്രസക്തരായി. കേരളത്തിലെ മറ്റെല്ലാ നിയോജകമണ്ഡലങ്ങളിലും യു ഡി എഫിലെ ഘടകകക്ഷികൾ കാര്യങ്ങൾ നിയന്ത്രിക്കുമ്പോൾ പാലായിൽ മാത്രം പാലാ നഗരസഭയിലെ മൂന്നു വാർഡുകളിൽ മാത്രം സ്വാധീനമുള്ള സ്വതന്ത്ര കൂട്ടായ്മ യു ഡി എഫിനെയാകെ ഹൈജാക്ക് ചെയ്തുവെന്നു യു ഡി എഫ് നേതാക്കൾ പരാതിപ്പെടുന്നു. പാലായുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് യു ഡി എഫ് നേതാക്കൾ ഇത്തരത്തിൽ അപ്പാടെ തഴപ്പെടുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മയിലെ ബിജു പുളിക്കകണ്ടത്തെ കഴിഞ്ഞ ദിവസം നടന്ന കാപ്പൻ്റെ നഗരസഭാ തിരഞ്ഞെടുപ്പ് പര്യടന പരിപാടിയിലും ബിജുവില്ലാതിരുന്നത് ചർച്ചയായിക്കഴിഞ്ഞു. ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ സന്തത സഹചാരിയായി അറിയപ്പെടുന്ന ബിജു തൃശൂരിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഉണ്ടായിരുന്നു.യു ഡി എഫ് സ്ഥാനാർത്ഥിയെ നിർത്താതെയാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കു നിരുപാധിക പിന്തുണ നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫിനെതിരെ വിലപേശുകയും തുടർന്നു യു ഡി എഫിനെയാകെ ഹൈജാക്ക് ചെയ്യുകയും ചെയ്തത് യു ഡിഎഫിനെ ഞെട്ടിച്ചിരുന്നു.തിരഞ്ഞെടുപ്പിൽ കാപ്പൻ സ്വതന്ത്രനായി രംഗത്ത് വന്നതും യു ഡി എഫ് സംശയത്തോടെയാണ് വീക്ഷിക്കുന്നത്. യു ഡി എഫ് യോഗത്തിൽ എം എൽ എ സ്ഥാനം രാജിവച്ചശേഷം കെ ടി പി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച കാപ്പൻ പിന്നീട് സ്വതന്ത്രനായി പത്രിക നൽകിയത് യു ഡി എഫ് കേന്ദ്രങ്ങളെ അറിയിച്ചിരുന്നില്ല. വാർത്ത പുറത്തുവന്നതോടെയാണ് യു ഡി എഫ് കേന്ദ്രങ്ങൾ കാര്യം അറിഞ്ഞത്.ഇതിൽ വലിയ രാഷ്ട്രീയ കളി ഉണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. പാലാ മണ്ഡലത്തിൽ പരാജയം ഉറപ്പായതോടെ പരമാവധി വോട്ടുകൾ ബി ജെ പി യ്ക്ക് മറിച്ചുനൽകി ഷോണിൻ്റെ വിജയത്തിനായി കളമൊരുക്കുകയും പിന്നീട് ബി ജെ പിയിൽ നിന്നും ലഭിച്ച ഓഫർപ്രകാരം നല്ലൊരു സ്ഥാനം ലക്ഷ്യമിട്ടാണത്രെ കാപ്പൻ്റെ ഇപ്പോഴത്തെ പ്രയാണമെന്നും സൂചനയുണ്ട് .പാലാ നിയോജകമണ്ഡലത്തിലെ ബൂത്ത്തല പ്രവർത്തനങ്ങൾ നടത്താൻ കാപ്പൻ്റെ പാർട്ടിക്കും സ്വതന്ത്ര കൂട്ടായ്മയ്ക്കും സാധിക്കില്ല. അതിന് കോൺഗ്രസും കേരളാ കോൺഗ്രസും ഒക്കെ വേണം. ഒരു സ്കൂട്ടറിൽ പോലും കയറ്റാനുള്ള ആൾബലമില്ലാത്ത കാപ്പൻ്റെ പാർട്ടിയും പാലായിലെ മൂന്നു വാർഡിൽ മാത്രം സ്വാധീനമുള്ള സ്വതന്ത്ര കൂട്ടായ്മയും പാലായിലെ യു ഡി എഫിനെ അപ്പാടെ വിഴുങ്ങിത് കോൺഗ്രസ്, കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകരിൽ അപ്പാടെ അമർഷം സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളൊക്കെ വെറും കാഴ്ചക്കാരുടെ റോളിൽ ചാനൽ ചർച്ചകളിൽ പോയിരിക്കേണ്ട ഗതികേടിലായിക്കഴിഞ്ഞു. കോൺഗ്രസ് നേതാക്കൾ തനിക്കായി പ്രവർത്തിക്കുന്നില്ലെന്നു രാമപുരത്തെ നേതാക്കൾക്കെതിരെ കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിനോട് കാപ്പൻ അടുത്തയിടെ പരാതി പറഞ്ഞത് വിവാദമായിരുന്നു. പരാജയഭീതി മണത്ത കാപ്പൻ ഇനി മത്സരിക്കുന്നില്ലെന്ന പൂഴിക്കടകൻ പ്രയോഗിച്ചത് കോൺഗ്രസിനാണ് അടുത്ത ചാൻസ് എന്ന സൂചന നൽകി അടുപ്പിച്ചു നിർത്താനായിരുന്നു. ജയിക്കാൻ സാധിക്കില്ലെന്നായതോടെയാണ് ബി ജെ പി ഡീലിന് കളമൊരുക്കിയിരിക്കുന്നത് .ഇനി താൻ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് ഗോദായിൽ നിൽക്കുന്ന കാപ്പൻ തൻ്റെ പിൻഗാമിയായി സ്വതന്ത്ര കൂട്ടായ്മയിലെ നഗരസഭാ അധ്യക്ഷ ദിയ ബിനുവിനെ ഉയർത്തിക്കൊണ്ടു വരുന്ന കാഴ്ച കോൺഗ്രസുകാരെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു. പര്യടന പരിപാടിയടക്കം ദിയ ബിനു കൈയ്യടക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത്. ദിയയ്ക്ക് പിന്നിൽ വെറും കാഴ്ചക്കാരൻ്റെ റോളിൽ കോൺഗ്രസ് നേതാവ് പ്രൊഫ സതീശ് കുമാർ ചൊള്ളാനി നിൽക്കുന്ന ദയനീയ കാഴ്ചയ്ക്കും ഈ ദിവസങ്ങളിൽ പാലാ സാക്ഷിയായി. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ അവസ്ഥയിലാണ് യു ഡി എഫ്. കഴിഞ്ഞ നാളുകളിൽ എം എൽ എ എന്തു ചെയ്തു എന്ന നാട്ടുകാരുടെ ചോദ്യത്തിനു മുന്നിൽ വിയർക്കാൻ മാത്രമേ യു ഡി എഫിനു സാധിക്കുന്നുള്ളൂ. ആകെ പ്രതിസന്ധിയിൽ പുകയുന്ന യു ഡി എഫ് പൊട്ടിത്തെറിയുടെ വക്കിലാണ്.ബിനു പുളിക്ക കണ്ടത്തെ ചാ നൽ ചർച്ചകളിൽ യു.ഡി.എഫ് പ്രതിനിധിയായി ഏകപക്ഷീയമായി കാപ്പൻ നിയോഗിച്ചതുംയു.ഡി.എഫ് നേതാക്കളെ ഒഴിവാക്കി നഗര പര്യടനത്തിൽ സ്വതന്ത്ര അംഗമായ നഗര ചെയർപേഴ്സനെ വണ്ടിയിൽ കയറ്റി എഴുന്നൊ ഇളിപ്പിച്ചതും കോൺഗ്രസ് നേതാക്കളെ പാടേ വെറുപ്പിച്ചു.യു.ഡി.എഫ് പിന്തുണയ്ക്കുന്ന നഗരസഭാ കൗൺസിലർ ബിജു പുളിക്കകണ്ടവും നഗര വൈസ് ചെയർമാൻ മായാ രാഹുലും കാപ്പനു വേണ്ടി ഇതേ വരെ രംഗത്തില്ല. വൈസ് ചെയർമാൻ മായാ രാഹുലിനെ ഒരു വേദിയിലും ഇതേ വരെ കയറ്റിയിട്ടില്ല.ജോസഫ് ഗ്രൂപ്പിനെയും പ്രചാരണ നേതൃസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയതിലും പ്രതിഷേധം നുരയുകയാണ്.