കോട്ടയം: ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനു മാര്‍ഗനിര്‍ദേശം നല്‍കാനും ദിയയുടെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണം നേരിട്ടു വിലയിരുത്തുന്നതിനുമായി ഡോ. ശശി തരൂര്‍ എംപി പാലാ നഗരസഭയില്‍ എത്തും.
ദിയാ ബിനുവും ഡോ. ശശി തരൂര്‍ എംപിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിലെ വിവിധ സാധ്യതകള്‍ പാലായുടെ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍പേഴ്സനെ ഡോ. ശശി തരൂര്‍ ഉപദേശിച്ചിരുന്നു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തിയതിനുശേഷം ഡോ. ശശി തരൂരാണ്
തന്റെ റോള്‍ മോഡലെന്ന് ദിയ പറഞ്ഞിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ശശി തരൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പങ്കുവച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ശശി തരൂര്‍ അഭിനന്ദിക്കാനായി വിളിച്ചപ്പോള്‍ ദിയയുടെ അഭ്യര്‍ഥന സ്വീകരിച്ചാണു
കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കിയത്. കൂടിക്കാഴ്ചയില്‍ പാലായിലേക്ക് ദിയ ശശി
തരൂരിനെ ക്ഷണിച്ചിരുന്നു.ദിയയുടെ ക്ഷണം സ്വീകരിച്ച ഡോ. ശശി തരൂര്‍
വൈകാതെ പാലാ നഗരസഭയിലെത്താമെന്നും ദിയയെ അറിയിച്ചു.
കൂടിക്കാഴ്ചയില്‍ നഗരവികസന കുതിപ്പിന് അന്താരാഷ്ട്ര സഹകരണം അടക്കമുള്ള സാധ്യതകള്‍ തേടേണ്ടത് എങ്ങനെയെന്നും ദിയയ്ക്ക് തരൂര്‍ മാര്‍ഗനിര്‍ദേശം നല്കി. ഇക്കാര്യത്തില്‍ തന്നാലാവും വിധമുള്ള സഹായങ്ങളും തരൂര്‍ വാഗ്ദാനം ചെയ്തു. വികസ്വര രാജ്യങ്ങളിലെ പട്ടണങ്ങളെ സിസ്റ്റര്‍ സിറ്റികള്‍ ആക്കുന്ന യൂറോപ്യന്‍ വന്‍കിട നഗരങ്ങളുടെ സേവന പദ്ധതികള്‍ പാലായുടെ വളര്‍ച്ചയ്ക്ക് എപ്രകാരം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നു പഠിച്ചുവരികയാണെന്ന് ദിയ ബിനു പറഞ്ഞു. ഇക്കാര്യത്തില്‍ ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരമുള്ളവരുടെ സഹകരണം
നിര്‍ണായകമാണെന്നും ദിയ പറഞ്ഞു.
